
പൂഞ്ഞാർ: കോട്ടയം പൂഞ്ഞാറിൽ ആദിവാസി യുവാവിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ പൊലീസിന്‍റെ വാദങ്ങൾ തള്ളി പരാതിക്കാരൻ അഭിലാഷ്. വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് വാഹനത്തിൽ കയറ്റിയപ്പോൾ മുതൽ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് പെരിങ്ങളം സ്വദേശി പി ആർ അഭിലാഷ്. കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന പരാതി നൽകിയതിനു ശേഷം ആദ്യമായാണ് പൊലീസിൽ നിന്ന് നേരിട്ട ദുരന്തനുഭവം അഭിലാഷ് തുറന്ന് പറയുന്നത്.
ഒരു ഉദ്യോഗസ്ഥൻ പോലും മർദ്ദിച്ചില്ലെന്ന പൊലീസിന്റെ വാദം തള്ളുന്നതാണ് അഭിലാഷിന്റെ പ്രതികരണം. പൂഞ്ഞാറിലെ കെഎസ്ഇബിയുടെ വൈദ്യുതി കമ്പികൾ മോഷണം പോയ കേസിൽ ചോദ്യം ചെയ്യാനാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിപട്ടികയിൽ പോലും ഇല്ലാതിരുന്നിട്ടും വളരെ മോശമായാണ് പൊലീസ് പെരുമാറിയതെന്നും അഭിലാഷ് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും അഭിലാഷും കുടുംബവും പരാതി നൽകിയിട്ടുണ്ട്. ആദിവാസി - ദളിത് സംഘടനകൾ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അഭിലാഷിന് നീതി ഉറപ്പാക്കണം എന്ന ആവശ്യവുമായി സിപിഎം പ്രതിഷേധം തുടങ്ങി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അതിവേഗം അന്വേഷണം വേണമെന്നും പാലാ ഡിവൈഎസ്പിയെ അന്വേഷണത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എൻ വാസവൻ അടക്കമുള്ള സിപിഎം നേതാക്കളും പട്ടികജാതി ക്ഷേമ സമിതി ഭാരവാഹികളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി അഭിലാഷിനെ സന്ദർശിച്ചു. അഭിലാഷിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam