തിരുവനന്തപുരത്തെ നീന്തൽ കുളത്തില്‍ ഇറങ്ങിയ കുട്ടികൾക്ക് പനി; രക്ഷിതാക്കൾ കോടതിയിലേക്ക്

By Web TeamFirst Published May 20, 2019, 8:57 AM IST
Highlights

പരാതിയുമായി രക്ഷിതാക്കൾ കോടതിയിലേക്ക് നീങ്ങുമ്പോൾ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സ്റ്റേഡിയം അധികൃതരുടെ നിലപാട്.

തിരുവനന്തപുരം: പാളയം  ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പൊലീസ് വകുപ്പിനു കീഴിലുള്ള നീന്തൽ കുളത്തിൽ പരിശീലനം നടത്തിയ കുട്ടികൾക്ക് കടുത്ത പനിയും ഛർദ്ദിയും. പരാതിയുമായി രക്ഷിതാക്കൾ കോടതിയിലേക്ക് നീങ്ങുമ്പോൾ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സ്റ്റേഡിയം അധികൃതരുടെ നിലപാട്.

സംസ്ഥാനത്തെ ആദ്യ ക്ലോറിൻ രഹിത കുളമാണ് വിവാദത്തിനുറവിടം. ഈമാസം ഒന്ന് മുതൽ ഏഴ് വരെ നീന്തൽ പരിശീലനത്തിന് എത്തിയ നിരവധി കുട്ടികളാണ് പല ആശുപത്രികളിൽ ഇതിനകം ചികിത്സ തേടിയത്. എട്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് ബേബി പൂളും, മറ്റുള്ളവർക്ക് വലിയ പൂളുമാണ് ഉള്ളത്. ഇതിൽ വലിയ പൂളിൽ പരിശീലിച്ച കുട്ടികൾക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മാസം 1500 രൂപയാണ് കുട്ടികളുടെ നീന്തൽ പരിശീലനത്തിനായുള്ള ഫീസ്. 

പൊലീസിന് കീഴിലാണ് നീന്തൽകുളം പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ടാണ് പരാതിയുമായി രക്ഷിതാക്കൾ കോടതിയെ സമീപിക്കുന്നത്. എന്നാൽ പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൂളിന്‍റെ അഡ്മിനിസ്ട്രേറ്ററുടേയും പരിശീലകരുടെയും വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തിൽ 5 ദിവസം ബേബി പൂൾ അടച്ചിട്ടു, ഒരു ദിവസം വലിയ പൂളും അടച്ചിട്ട് വൃത്തിയാക്കി. വാട്ടർ അതോറിറ്റിയിൽ നിന്നാണ് നീന്തൽ കുളത്തിലേക്ക് വെള്ളം എത്തിക്കുന്നത്. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ ഇതിന്റെ ഫലം ലഭിക്കുകയുള്ളൂ.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

click me!