
കല്‍പ്പറ്റ: ജില്ലാ ആസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനിയും പരാതികള്‍ അവസാനിച്ചിട്ടില്ല. ദിവസേന ഒട്ടേറെ രോഗികള്‍ ചികിത്സയ്‌ക്കെത്തുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇസിജി എക്‌സ്‌റേ ടെക്‌നീഷ്യന്മാരില്ലാത്തത് രോഗികളെ വലയ്ക്കുകയാണ്. അത്യാസന്ന നിലയില്‍ എത്തുന്ന രോഗികള്‍ക്ക് പോലും ജീവനക്കാരില്ലാത്തതിനാല്‍ കൃത്യമായ ചികിത്സ ലഭിക്കുന്നില്ല.
ഇത്തരത്തില്‍ നിര്‍ധനരായ രോഗികളെ പോലും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം രാത്രി അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ രോഗിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ് ഇസിജി എടുത്തത്. സര്‍ക്കാര്‍ തലത്തില്‍ ഇസിജി സംവിധാനമുണ്ടായിട്ടും ഇതിനായി വന്‍തുക മുടക്കി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് വയനാട്ടുകാര്‍.
നഴ്‌സിങ് അസിസ്റ്റന്റാണ് അടിയന്തര സന്ദര്‍ഭങ്ങളില്‍ ഇസിജി എടുക്കുന്നത്. എന്നാല്‍, നഴ്‌സിങ് അസിസ്റ്റന്റ് ഡ്യൂട്ടി കഴിഞ്ഞുപോയാല്‍ ഇസിജി. എടുക്കാനാവില്ല. അതിനാല്‍ രാത്രിയെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് ഇവിടുത്തെ രീതി. ഇസിജി ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടക്കാത്തതാണ് പ്രശ്‌നം. നിലവില്‍ ഇതിനായി പിഎസ്സി റാങ്ക് ലിസ്റ്റില്ല. പുതുതായി അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി പട്ടിക തയ്യാറാക്കണം. ഇതിനായി സമയമെടുക്കുമെന്നതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിക നിയമനം നടത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
എക്‌സ്‌റേ വിഭാഗത്തില്‍ ഒരു ടെക്‌നീഷ്യനാണുള്ളത്. ഒരാള്‍ കൂടി ഈയടുത്ത് എത്തിയിരുന്നെങ്കിലും അവധിയിലാണ്. ഒരു ടെക്‌നിഷ്യന്‍ മാത്രമായതിനാല്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് എക്‌സ്‌റേ വിഭാഗം പ്രവര്‍ത്തിക്കുന്നത്. രണ്ടുമണിക്കുശേഷം വരുന്ന രോഗികള്‍ക്ക് എക്‌സ്‌റേ സൗകര്യം ലഭിക്കില്ല. ഇക്കാര്യത്തിലും രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ തന്നെ ആശ്രയിക്കേണ്ടി വരികയാണ്.
-ആംബുലന്‍സില്ലാത്തതിനാല്‍ ആശ്രയം ടാക്‌സി-
അഞ്ചുമാസം മുമ്പ് അപകടത്തില്‍പ്പെട്ട് തകര്‍ന്ന ആംബുലന്‍സ് ഇതുവരെയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇപ്പോള്‍ അത്യാവശ്യ കാര്യങ്ങള്‍ ആശുപത്രി അധികൃതര്‍ ആശ്രയിക്കുന്നത് സ്വകാര്യ ആംബുലന്‍സാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കുമെല്ലാം റഫര്‍ ചെയ്യുന്ന രോഗികളെ ഈ ആംബുലന്‍സിലാണ് അവിടേക്ക് കൊണ്ടു പോകുന്നത്.
ഒരു ദിവസം ഒന്നിലധികം കേസുകളുണ്ടായാല്‍ ടാക്‌സിവാഹനങ്ങള്‍ വേണം പ്രശ്‌നം പരിഹരിക്കാന്‍. സ്വകാര്യ ആംബുലന്‍സ് കൂടാതെ മറ്റൊരു ആംബുലന്‍സ് കൂടി ആശുപത്രിക്ക് സ്വന്തമായുണ്ടെങ്കിലും മൈലേജ് കുറവായതിനാല്‍ ദൂരസ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. അതേസമയം അപകടത്തില്‍ തകര്‍ന്ന ആംബുലന്‍സ് നന്നാക്കുന്നതിനുള്ള അനുമതിക്കായി ഡിഎംഒക്ക് കത്തയച്ചിട്ടുണ്ടെന്ന് ആശുപത്രി മാനേജ്‌മെന്റ് പറയുന്നു.
ടാക്‌സി വാഹനങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആംബുലന്‍സില്‍ മാത്രമേ രോഗികളെ പറഞ്ഞയക്കാറുള്ളുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അശ്വതി മാധവന്‍ പറഞ്ഞു. ദിവസവും 15 ഇസിജിയും 30 എക്‌സറേയും വരെ ഇവിടെ ചെയ്തു കൊടുക്കുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് സൂപ്രണ്ടിന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam