
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർഥിക്ക് മർദ്ദനമേറ്റതായി പരാതി. എസ് എഫ് ഐ പ്രവർത്തകർ ഒന്നാം വർഷ വിദ്യാർഥി അബ്ദുള്ളയെ മർദ്ദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്ന മിഥുന്‍റെ നേതൃത്വലായിരുന്നു മർദ്ദനമെന്നാണ് പരാതി. അതേസമയം മർദ്ദനമേറ്റ അബ്ദുള്ളക്കെതിരെ കോളേജ് ചെയർപേഴ്സണും പരാതി നൽകിയിട്ടുണ്ട്. തന്നെ അഭസ്യം വിളിച്ചുവെന്നാണ് കോളേജ് ചെയർപേഴ്സണായ ഫരിഷ്ത എൻ എസിന്‍റെ പരാതി. ഫരിഷ്തയുടെ പരാതിയിലും കന്‍റോൺമെന്‍റ് പൊലിസ് കേസെടുത്തിട്ടുണ്ട്.
എലപ്പുള്ളി ഡിസ്റ്റിലറി അനുമതി: സിപിഎം പാലക്കാട് ജില്ല സമ്മേളനത്തിൽ ഉന്നയിച്ച് പ്രാദേശിക നേതൃത്വം
ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദ്ദനമേറ്റത് വലിയ വിവാദമായിരുന്നു. അമൽ, മിഥുൻ, അലൻ, വിധു എന്നിവരായിരുന്നു ആ കേസിലെ നാല് പ്രതികള്‍. വലിയ തോതിൽ വിമർശനമുയർന്ന സംഭവത്തിൽ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ സി പി എം ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. അതിനിടയിലാണ് കോളേജിൽ വീണ്ടും എസ് എഫ് ഐ മർദ്ദനമെന്ന പരാതി വന്നിരിക്കുന്നത്.
ഡിസംബറിലെ സംഭവം
എസ് എഫ് ഐ പ്രവർത്തകൻ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ കോളേജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി ഉയർന്നത്. എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുരുന്നു. തല്ലാനായി വിദ്യാർഥിയെ വെല്ലുവിളിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. പൂവച്ചൽ സ്വദേശിയായ ഭിന്നശേഷിക്കാരനായ വിദ്യാർഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. രണ്ട് കാലിലും വിരലുകളില്ലാത്ത ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് മൂന്നാം വർഷ വിദ്യാർത്ഥിയായ അനസ്. തോരണം കെട്ടാനും കൊടി കെട്ടാനും തന്നോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാലിന് സുഖമില്ലാത്തതിനാൽ മരത്തിൽ കയറാൻ പറ്റില്ലെന്ന് അനസ് പറഞ്ഞു. നിനക്ക് പ്രാദേശികമായി പ്രവർത്തിക്കാൻ അറിയാമല്ലോ എന്ന് അസഭ്യം പറയുകയും, അനസിനെയും സുഹൃത്തായ അഫ്സലിനെയും യൂണിറ്റ് റൂമിലേക്ക് കൊണ്ടുപോയി മർദിക്കുകയുമായിരുന്നു. കൊടിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നാണ് അനസ് പ്രതികരിച്ചത്. തന്റെ വൈകല്യമുള്ള കാലിൽ ചവിട്ടി പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന് അനസ് വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam