ക്ഷേത്രത്തിലെ മണി സ്തൂപത്തിന് കുരിശിന്റെ രൂപമെന്ന് പരാതി; പണി നിർത്തിവച്ചു, വിവാദം

By Web TeamFirst Published Jan 13, 2022, 10:23 AM IST
Highlights

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശംഖുമുഖം ദേവീ ക്ഷേത്രത്തിൽ മണി സ്തൂപം നിർമ്മിക്കാൻ ബംഗളൂരുവിലുള്ള ഒരു ഭക്തനാണ് നാലു ലക്ഷം രൂപ നൽകിയത്. ക്ഷേത്ര ഉപദേശക സമിതിയാണ് ബോർഡിന്റെ അനുമതിയോടെ  നിർമ്മാണം തുടങ്ങിയത്

തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖം ക്ഷേത്രത്തിലെ മണി സ്തൂപത്തെ ചൊല്ലി വിവാദം. സ്തൂപം കുരിശിന്റെ (Cross Shape) രൂപത്തിലുള്ളതാണെന്നെ പരാതി ഉയർന്നതോടെ നിർമ്മാണം നിർത്തിവെച്ചു. എന്നാൽ, പരാതിക്ക് പിന്നിൽ സ്ഥാപിത താൽപ്പര്യമുള്ളവരാണെന്നാണ് ക്ഷേത്രം ഉപദേശക സമിതിയുടെ നിലപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശംഖുമുഖം ദേവീ ക്ഷേത്രത്തിൽ മണി സ്തൂപം നിർമ്മിക്കാൻ ബംഗളൂരുവിലുള്ള ഒരു ഭക്തനാണ് നാലു ലക്ഷം രൂപ നൽകിയത്. ക്ഷേത്ര ഉപദേശക സമിതിയാണ് ബോർഡിന്റെ അനുമതിയോടെ  നിർമ്മാണം തുടങ്ങിയത്.

മണി സ്തൂപത്തിന്റെ രൂപരേഖ ദേവസ്വം പൊതുമരാമത്ത് അംഗീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ദേവസ്വം പൊതുമരാമത്തിന്റെ തന്നെ മേൽനോട്ടത്തിൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത് ദേവസ്വം മന്ത്രിയാണ്. നിർമ്മാണ പ്രവർത്തനം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ വിവാദങ്ങള്‍ ഉയർന്നിട്ടുള്ളത്. കുരിശിന്റെ ആകൃതിയിലാണ് സ്തൂപമെന്നും നിർമ്മാണം നടത്തുന്നതിൽ നിന്ന് പിന്മാറണമെന്നും ചിലർ പണം മുടക്കിയ ഭക്തനോട് ആവശ്യപ്പെട്ടുവെന്നാണ് ക്ഷേത്രം ഉപദേശകസമിതി പറയുന്നത്.

ഇതോടെ സ്പോൺസർ പണി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ദേവസ്വം ബോർഡിനോ മന്ത്രിക്കോ ഒന്നും നേരിട്ട് പരാതി നൽകാതെയുള്ള നീക്കങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ഉപദേശകസമിതി നിലപാട്. വിഷയം വിവാദയതോടെ ബോർഡിനെതിരെ ഹൈന്ദവ സംഘടനകളും രംഗത്തെത്തി. എന്തായാലും പ്രശ്നം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഉപദേശക സമിതി ദേവസ്വം മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

click me!