
ആലപ്പുഴ: ചന്ദ്രയാൻ 2 വിക്ഷേപണ പദ്ധതിയിൽ നിർണായക പങ്ക് വഹിച്ച വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടറായ എസ്.സോമനാഥ് (54), ഐ.എസ്.ആർ.ഒ.യുടെ പുതിയ മേധാവിയാകുന്നതോടെ അഭിമാനിക്കുന്നത് ആലപ്പുഴയിലെ (Alappuzha) തുറവൂര് കൂടിയാണ്. തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം വേടാംപറമ്പിൽ പരേതരായ ശ്രീധരപ്പണിക്കർ - തങ്കമ്മ ദമ്പതികളുടെ എക മകനാണ് സോമനാഥ് (S Somanath).
കുടുംബവീട് തുറവൂരാണെങ്കിലും അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം അരൂർ സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിലായിരുന്നു. തൃശൂർ വളപ്പട്ടണത്ത് സ്കൂൾ അധ്യാപകനായിരുന്ന ശ്രീധരപ്പണിക്കർ നാട്ടിൽ ഇല്ലാതിരുന്നതിനാൽ അരൂർ സ്വദേശിനിയായ അമ്മ തങ്കമ്മയുടെ വീട്ടിലായിരുന്നു സോമനാഥ് കഴിഞ്ഞിരുന്നത്.
അരൂരിലെ സ്കൂൾ മുറ്റങ്ങളിലും ക്ലാസ് മുറികളിലും ശാസ്ത്ര കൗതുകങ്ങൾ തിരഞ്ഞ ആ കണ്ണുകൾ ഇന്ന് ഏറെ ഉയരങ്ങളിൽ എത്തിയതിൽ ഇരു ഗ്രാമങ്ങളും സന്തോഷ നിറവിലാണ്. എട്ടു വർഷം മുൻപ് തുറവുർ വളമംഗലത്തെ കുടുംബവീട്ടിൽ നിന്ന് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശ്രീധര പണിക്കരെയും തങ്കമ്മയേയും തന്റെ തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിലെ വീട്ടിലേക്ക് കൊണ്ടുപോയതാണ് സോമനാഥ്.
ശ്രീധരപണിക്കർ മരിച്ച് ആറ് മാസത്തിന് ശേഷം തങ്കമ്മയും മരിച്ചു. തൊട്ടടുത്ത ചൂർണ്ണിമംഗലം ഗവ.എൽ.പി.സ്കൂളിൽ കുരുന്നുകൾക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഏതാനും മാസങ്ങൾക്ക് മുമ്പാണ അദ്ദേഹം അവസാനമായി ഗ്രാമത്തിലെത്തിയത്. ചെറുപ്പം തൊട്ട് പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ സോമനാഥ്, ശാസ്ത്രലോകത്ത് ഉന്നത ശ്രേണിയിലെത്തിയത് അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. എല്ലാവരോടും, അടുത്തിടപഴകാൻ ഇഷ്ടപ്പെടുന്ന പ്രകൃതമാണ് സോമനാഥിന്റേത്. തുറവൂരിന് 7 കിലോമീറ്റർ കിഴക്കു മാറി പൂച്ചാക്കലിൽ ആണ് ഭാര്യ വൽസലാ ദേവിയുടെ വീട്.
ഐഎസ്ആർഒയുടെ പുതിയ തലവനായി ഡോ എസ് സോമനാഥ്
കെ ശിവൻ സ്ഥാനമൊഴിയുന്ന അവസരത്തിലാണ് ഐഎസ്ആർഒയുടെ പുതിയ തലവനായി ഡോ എസ് സോമനാഥ് നിയമിതനായിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് പുതിയ ചെയർമാൻ്റെ നിയമനം. തിരുവനന്തപുരം വിഎസ്എസ്സി ഡയറക്ടറാണ് നിലവിൽ സോമനാഥ്.
2018 ജനുവരിയിലാണ് സോമനാഥ് വിഎസ്എസ്‍സി ഡയറക്ടറായി ചുമതലയേൽക്കുന്നത്. അതിന് മുമ്പ് രണ്ടര വർഷം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെൻ്ററിന്റെ മേധാവിയായിരുന്നു. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് സോമനാഥ്. ടികെഎം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ സോമനാഥ്. ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയറോസ്പേസ് എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
1985ലാണ് സോമനാഥ് ഇസ്രൊയിലെത്തുന്നത്. വിഎസ്എസ്‍സിയിൽ തന്നെയായിരുന്നു തുടക്കം. 2003ൽ ജിഎസ്എൽവി വികസന സംഘത്തിന്റെ ഭാഗമായി. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർക്ക് ത്രീ പ്രൊജക്ട് ഡയറക്ടറായിരുന്നു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ രാജ്യത്തെ വിദഗ്ധ ശാസ്ത്രജ്ഞരിൽ ഒരാളാണ് സോമനാഥ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam