വയനാട് ജില്ലയുടെ സമഗ്രവികസനം, പദ്ധതികള്‍ ഇഴയരുത്; ജില്ലാ വികസനസമിതി

By Web TeamFirst Published Sep 24, 2022, 10:16 PM IST
Highlights

 ബജറ്റ് വിഹിതം ലഭിച്ച് ആറ് മാസം പിന്നിടുമ്പോള്‍ തുക വിനിയോഗം അമ്പത് ശതമാനത്തില്‍ താഴെ നില്‍ക്കുന്ന വകുപ്പുകള്‍ വരും നാളുകളില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ എ.ഗീത പറഞ്ഞു. വയനാട് പാക്കേജില്‍പ്പെടുത്തി 75 കോടി രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കും.

വയനാട്: ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍വ്വഹണവും അനുവദിക്കപ്പെട്ട ഫണ്ടുകളുടെ വിനിയോഗവും വേഗത്തിലാക്കണമെന്ന് ജില്ലാ വികസനസമിതി നിര്‍ദ്ദേശം നല്‍കി. ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്ലാന്‍ ഫണ്ട് വിനിയോഗവും നിര്‍വ്വഹണ പുരോഗതിയും വിലയിരുത്തി. ബജറ്റ് വിഹിതം ലഭിച്ച് ആറ് മാസം പിന്നിടുമ്പോള്‍ തുക വിനിയോഗം അമ്പത് ശതമാനത്തില്‍ താഴെ നില്‍ക്കുന്ന വകുപ്പുകള്‍ വരും നാളുകളില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ എ.ഗീത പറഞ്ഞു. വയനാട് പാക്കേജില്‍പ്പെടുത്തി 75 കോടി രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കും. നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഇതിനു പുറമെ ആസ്പിരേഷണൽ ജില്ല പദ്ധതിയില്‍പ്പെട്ട പദ്ധതികളുടെ നിര്‍വ്വഹണവും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍  പദ്ധതി നിര്‍വഹണ രംഗത്തും തുക വിനിയോഗ ത്തിലും കൂടുതല്‍ ശ്രദ്ധയും ഇടപെടലുകളും വകുപ്പ് മേധാവികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 

ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പനയും സംബന്ധിച്ച് വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പരിശോധക സംഘങ്ങളില്‍ നിന്നും ചോരുന്നതായി  ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗത്തില്‍ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.  അല്ലാത്തപക്ഷം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍  പൊതുജനങ്ങളുടെ സഹകരണം അപ്രാപ്യമാകുമെന്ന്  അദ്ദേഹം പറഞ്ഞു. മൂപ്പൈനാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ ചില സ്വകാര്യ റിസോര്‍ട്ട് നടത്തിപ്പുകാര്‍ വനം ഭൂമി കൈയ്യേറിയ വിഷയത്തില്‍  വനം വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ കേസെടുത്തതായി വനം വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. ജില്ലയിലെ എ.ബി.സി സെന്ററുകളുടെ നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മൃഗ സംരക്ഷണ വകുപ്പ് അടിയന്തരമായി നല്‍കണമെന്നും സംഷാദ് മരക്കാര്‍ നിര്‍ദ്ദേശിച്ചു. 

ഗോത്രസാരഥി പദ്ധതിയുടെ നടത്തിപ്പിന്  അര്‍ഹരായ  14099 കുട്ടികള്‍ക്കായി  12.57 കോടി രൂപ ആവശ്യമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍  യോഗത്തെ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍  സര്‍ക്കാരിന് സമര്‍പ്പിക്കും.  പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ പ്രവൃത്തി പൂര്‍ത്തിയായ വീടുകളില്‍ കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കു ന്നതിനുളള നടപടികള്‍ സ്വീകരിച്ച് വരുന്നതായി അധികൃതര്‍ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. പരൂര്‍ക്കുന്ന്, വെള്ളപ്പന്‍കണ്ടി പുനരിധിവാസ മേഖലകളില്‍ ഈ മാസം അവസാനത്തോടെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ടെണ്ടര്‍ ചെയ്ത പുതിയ പ്രവൃത്തികള്‍ ഒക്‌ടോബര്‍ ആദ്യ വാരത്തില്‍ തുടങ്ങുമെന്ന് ജലഅതോറിറ്റി അറിയിച്ചു. എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഡി.എം എന്‍.ഐ ഷാജു അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

click me!