രാജിവെച്ച സിപിഎം മേയറുടെ ചേമ്പര്‍ പൂട്ടി; അവഗണിക്കുന്നുവെന്ന് സിപിഐയിലെ ഡെപ്യൂട്ടി മേയര്‍

By Web TeamFirst Published Nov 20, 2018, 11:25 AM IST
Highlights

വിവാദങ്ങൾക്ക് വഴിയൊരുക്കി തൃശൂർ കോർപറേഷനിലെ മേയറുടെ ചേമ്പർ പൂട്ടിയിട്ടു.  താൽക്കാലിക ചുമതലയുള്ള സിപിഐയിലെ ഡെപ്യൂട്ടി മേയർ സഞ്ചരിക്കാനിരുന്ന മുന്‍ മേയറുടെ ഔദ്യോഗിക വാഹനം വർക്ക്ഷോപ്പിലും കയറ്റി. ഡെപ്യൂട്ടി മേയർ സ്ഥാനം ഏറ്റെടുത്ത ദിവസം മുതൽ സിപിഎമ്മിൽ നിന്ന് കടുത്ത അവഗണനയാണെന്ന ആരോപണവുമായി സിപിഐക്കാരിയായ ബീന മുരളി രംഗത്തെത്തി.
 

 

തൃശൂർ: വിവാദങ്ങൾക്ക് വഴിയൊരുക്കി തൃശൂർ കോർപറേഷനിലെ മേയറുടെ ചേമ്പർ പൂട്ടിയിട്ടു.  താൽക്കാലിക ചുമതലയുള്ള സിപിഐയിലെ ഡെപ്യൂട്ടി മേയർ സഞ്ചരിക്കാനിരുന്ന മുന്‍ മേയറുടെ ഔദ്യോഗിക വാഹനം വർക്കുഷോപ്പിലും കയറ്റി. ഡെപ്യൂട്ടി മേയർ സ്ഥാനം ഏറ്റെടുത്ത ദിവസം മുതൽ സിപിഎമ്മിൽ നിന്ന് കടുത്ത അവഗണനയാണെന്ന ആരോപണവുമായി സിപിഐക്കാരിയായ ബീന മുരളി രംഗത്തെത്തി.

ഏറെ നാളായി കോർപറേഷനിൽ സിപിഐ കൗൺസിലർമാർ ഭരണ നേതൃത്വത്തിന്‍റെ നിലപാടുകൾക്കെതിരെ ശീതസമരത്തിലാണ്. കഴിഞ്ഞ ദിവസം രാജിവച്ച അജിത ജയരാജന് പകരം മേയർ പദവിയിൽ സിപിഐയിലെ അജിത വിജയൻ സ്ഥാനമേൽക്കാനിരിക്കെയാണ് ഡെപ്യൂട്ടി മേയർക്കെതിരെ അവഹേളിക്കും വിധം ഓഫീസ് താഴിട്ടുപൂട്ടിയത്. ഇലക്ട്രിക് കേബിളുകൾ എലി കടിച്ചതിനാൽ അറ്റകുറ്റപ്പണികൾക്കായാണ് ചേമ്പർ അടച്ചതെന്നാണ് സിപിഎം വിശദീകരണം. കേബിൾ മാറ്റുന്ന പ്രവർത്തികൾക്കായി മേയറുടെയും സന്ദർശകരുടെയും കസേരകളും നീക്കം ചെയ്തതോടെയാണ് സംഭവം രൂക്ഷമാണെന്ന്  കോർപറേഷനിൽ പാട്ടായത്. ചീഫ് സെക്രട്ടറിയും സെക്രട്ടറിയും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും പറയുന്നു.

അതേസമയം, മേയറുടെ രാജി തെരഞ്ഞെടുപ്പ് കമ്മിഷനെ ഔദ്യോഗിക രേഖപ്രകാരം അറിയിച്ചതുമുതൽ മേയറുടെ താൽക്കാലിക ചുമതല ഡെപ്യൂട്ടി മേയർക്കാണെന്നാണ് കേരള മുനിസിപ്പൽ ആക്ട് പറയുന്നത്. ഇപ്പോൾ കോർപ്പറേഷനിലുണ്ടായ നടപടി താൻ ചേമ്പറിൽ പ്രവേശിക്കാതിരിക്കാനും കാർ ഉപയോഗിക്കാതിരിക്കാനുമാണ്. സംഭവങ്ങൾ സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചട്ടപ്രകാരം താൻ ഉപയോഗിക്കുന്ന വാഹനത്തിൽ ചുമതല കൈമാറും വരെ "മേയർ" എന്ന ബോർഡ് വയ്ക്കുമെന്ന് ബീന മുരളി വ്യക്തമാക്കി.

തന്നെ നിരന്തരം അവഗണിക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ തുറന്നു പറഞ്ഞതാണെന്നും ബജറ്റ് അവതരണ വേളയിലും സിപിഎം ഡെപ്യൂട്ടി മേയറെ അവഗണിച്ചിരുന്നെന്നും പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയൽ ചൂണ്ടിക്കാട്ടി. ഈ സന്ദർഭത്തിലെല്ലാം ഒരു സ്ത്രീയെന്ന പരിഗണന നൽകി പ്രതിപക്ഷം ബീന മുരളിയെ പിന്തുണച്ചിരുന്നു. ഇപ്പോൾ മേയറുടെ ഓഫീസും വാഹനവും ഡെപ്യൂട്ടി മേയർക്ക് അനുവദിക്കാത്ത സിപിഎം നിലപാട് രാഷ്ട്രീയ നഗരസഭയ്ക്ക് തന്നെ മാനക്കേടാണെന്നും ജോൺ ഡാനിയൽ പറഞ്ഞു.


 

click me!