
തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. ചെയര്‍ പേഴ്‌സണും ബി.ജെ.പി കൗണ്‍സിലര്‍മാരും ആശുപത്രിയില്‍. അടിയന്തര കൗണ്‍സിലില്‍ ആണ് അടിപിടിയില്‍ കലാശിച്ചത്. വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ അവഗണിക്കുകയും ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകള്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.
ബഹളത്തിനിടെ അജണ്ടകള്‍ പാസായതായി അറിയിച്ച് ചെയര്‍ പേഴ്‌സണ്‍ ടി.കെ. ഗീത ചെയര്‍ പേഴ്‌സണിന്‍റെ ഓഫീസിലേക്ക് പോയി. തുടര്‍ന്ന് ബി.ജെ.പി വനിത കൗണ്‍സിലര്‍മാര്‍ ഫണ്ടിലെ വിവേചനം ചോദ്യം ചെയ്യുകയും ചെയര്‍ പേഴ്‌സനെ ഉപരോധിക്കുകയും ചെയ്തു. ഇതിനിടെ ചെയര്‍ പേഴ്‌സന്റെ മുറിക്ക് പുറത്ത് നിലത്ത് കിടന്ന് ബിജെപിയുടെ പുരുഷ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. വനിത കൗണ്‍സിലര്‍മാരുടെ ഉപരോധത്തില്‍ നിന്ന് ഏറെ പണിപെട്ടാണ് ചെയര്‍പേഴ്‌സണ്‍ ടി.കെ ഗീത പുറത്ത് ഇറങ്ങിയത്.
ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്നാരോപിച്ച് ഗീതയും എല്‍.ഡി.എഫ് കൗണ്‍സിലര്‍ ആലീമ റഷീദും കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ആക്രമണത്തില്‍ പരുക്കേറ്റ കൗണ്‍സിലര്‍മാരായ രശ്മി ബാബു, എം.കെ. രമാദേവി, റിജി ജോഷി, റീന അനില്‍കുമാര്‍, സി. സുമേഷ്, ധന്യ ഷൈന്‍ എന്നിവരും താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി.
രശ്മി ബാബു തല കറങ്ങി വീഴുകയും ഛര്‍ദിച്ചതിനാലും താലൂക്കാശുപത്രിയില്‍നിന്ന് വിദഗ്ധ ചികില്‍സയ്ക്കായി എ.ആര്‍. ആശുപത്രിയിലേക്ക് മാറ്റി. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബി.ജെ.പി കൗണ്‍സിലര്‍മാരെ മൃഗീയമായി മര്‍ദിച്ചുവെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ് സജീവന്‍ ആരോപിച്ചു.
കൊടുങ്ങല്ലൂര്‍ പൊലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ടി.കെ. ഗീതയെയും കൗണ്‍സിലര്‍ അലീമ റഷീദിനെയും ആക്രമിച്ചെന്നാരോപിച്ച് നഗരത്തില്‍ പ്രകടനം നടത്തി. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബി.ജെ.പി കൗണ്‍സിലര്‍മാരെ ആക്രമിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകരും നഗരത്തില്‍ പ്രകടനം നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam