രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആനയറ ഭാഗത്ത് നിന്നും 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ആനയറ സ്വദേശി ആകാശ് കൃഷ്ണനെ (25)യാണ് പിടികൂടിയത്.
തിരുവനന്തപുരം: എക്സൈസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായെത്തിയ യുവാവ് ഉദ്യേഗസ്ഥരെ ആക്രമിച്ചു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആനയറ ഭാഗത്ത് നിന്നും 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ആനയറ സ്വദേശി ആകാശ് കൃഷ്ണനെ (25)യാണ് പിടികൂടിയത്. പൊലീസിനെ ബോംബെറിഞ്ഞ കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പിടിയിലാകുമെന്നായതോടെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കയ്യിലും മാരകമായി കടിച്ചു പരുക്കേൽപ്പിച്ചു.
പ്രതിയിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റുള്ളവർക്കായി വ്യാപക പരിശോധന നടത്തി വരുകയാണെന്നു സർക്കിൾ ഇൻസ്‌പെക്ടർ ടി.ആർ മുകേഷ് കുമാർ പറഞ്ഞു. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർ മോൻസി, രഞ്ചിത്ത്, വിശാഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ഗോകുൽ, ബിനോജ്, ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റജീന, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.


