
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിതത്തിന്‍റെ യഥാർത്ഥ കണക്ക് പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം യു ഡി എഫിന് ഇത്തവണ വലിയ നേട്ടമെന്നാണ് വ്യക്തമാകുന്നത്. കോൺഗ്രസ് 8 ജില്ലകളിൽ 30 ശതമാനത്തിലേറെ വോട്ട് നേടിയപ്പോൾ, സി പി എമ്മിന് 2 ജില്ലകളിൽ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാനായത്. ബി ജെ പിയാകട്ടെ ഒരു ജില്ലയിൽ പോലും 30 ശതമാനം വോട്ട് നേടിയിട്ടില്ല. ബി ജെ പി 20 ശതമാനത്തിലേറെ വോട്ട് വിഹിതം സ്വന്തമാക്കിയ ഒരൊറ്റ ജില്ല മാത്രമാണുള്ളത്. അതാകട്ടെ ചരിത്ര വിജയം നേടിയ തലസ്ഥാന ജില്ലയിലാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റ് നേടിയതാണ് ജില്ലയിൽ ബി ജെ പിക്ക് നേട്ടമായത്.
സി പി എമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ട് ലഭിച്ചത് കണ്ണൂർ, പാലക്കാട് ജില്ലകളിലാണ്. കോൺഗ്രസിനാകട്ടെ തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള 8 ജില്ലകളിലാണ് ഈ നേട്ടം സ്വന്തമായത്. വടക്കൻ ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചെങ്കിലും വോട്ട് വിഹിതം 30 ശതമാനം കടന്നിട്ടില്ല. മലപ്പുറത്തടക്കം യു ഡി എഫ് വൻ വിജയം നേടിയെങ്കിലും ജില്ലയിൽ മുസ്ലിം ലീഗിനാണ് വലിയ നേട്ടം. സംസ്ഥാനത്തെ മൊത്തം കണക്ക് പരിശോധിക്കുമ്പോൾ ലീഗിന് ആകെ ലഭിച്ചത് 9.77 ശതമാനം വോട്ട് വിഹിതമാണ്.
കോൺഗ്രസ് - 29.17%
സി പി എം - 27.16%
ബി ജെ പി - 14.76%
മുസ്ലിം ലീഗ് - 9.77%
സി പി ഐ - 5.58%
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam