
കൊല്ലം: യു ഡി എഫ് തരംഗമാഞ്ഞടിച്ച് ഇടത്പക്ഷം ആടിയുലഞ്ഞ കാലത്തും ഇടതിനെ ചേർത്ത് പിടിച്ച മണ്ഡലമാണ് പുനലൂർ. 1957ലെ മണ്ഡല രൂപീകരണത്തിന് ശേഷം തുടര്‍ച്ചയായി സിപിഐക്ക് അനുകൂലമായി വിധിയെഴുതുന്ന മണ്ഡലമെന്ന പ്രത്യേകതയും പുനലൂരിനുണ്ട്. 1957 മുതൽ 80 വരെ തുടര്‍ച്ചയായി സിപിഐ എംഎൽഎമാരാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചിരിക്കുന്നത്. 1982ലും 84ലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പുനലൂരിൽ വിജയിച്ചിട്ടുണ്ടങ്കിലും പിന്നീട് പി.കെ. ശ്രീനിവാസനും പി. എസ്. സുപാലും കെ രാജുവും തുടര്‍ച്ചയായി പല തവണ വിജയിച്ചു. ഒരു തവണ കോൺഗ്രസിലെ പുനലൂർ മധുവിനെ പുനലൂർ ചേർത്തുപിടിച്ചുവെങ്കിലും പിന്നെ കോൺഗ്രസ് പച്ച തൊട്ടിട്ടില്ല. മണ്ഡലത്തിനുള്ളിലെ നേതാക്കൾ തമ്മിലുള്ള ചേരിപ്പോരും സാമുദായിക അടിസ്ഥാനത്തിലുള്ള അവകാശ വാദങ്ങളുമാണ് മുൻകാലങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകാറുള്ളത്. പരസ്പരമുള്ള പാലംവലി കനത്ത തോൽവിയ്ക്കും വഴി വെച്ചു. ഒടുവിൽ പൊറുതിമുട്ടിയാണ് കോൺഗ്രസ് സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കേണ്ടി വന്നത്. മുസ്ലിം ലീഗ് രണ്ടു തവണയായി മത്സരിക്കുന്ന സീറ്റ് തിരിച്ചെടുത്ത് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണിപ്പോൾ കോൺഗ്രസ്. എൽ ഡി എഫിന്റെ പ്രത്യേകിച്ച് സി പി ഐ യുടെ പൊന്നാപുരംകോട്ട എന്തു വില കൊടുത്തും പിടിച്ചെടുക്കുക മാത്രമാണ് ലക്ഷ്യം. ഈഴവ വോട്ടുകൾ ഏറെയുള്ള പുനലൂരിൽ ഒരു ഈഴവ സ്ഥാനാർത്ഥിയെ ഇറക്കാനാണ് നീക്കം. മറ്റാരു വന്നാലും 'പാലം വലിക്കാൻ ' സാധ്യതയുള്ളതിനാൽ യുഡിഎഫ് കൺവീനർ സാക്ഷാൽ അടൂർ പ്രകാശിനെ മത്സരിപ്പികാനാണ് നീക്കം.
ഭരണം പിടിച്ചാൽ മണ്ഡലത്തിൽ നിന്നൊരു മന്ത്രിയെന്നതും പ്രചരണത്തിന് ശക്തി പകരും. ജില്ലയ്ക്കകത്ത് നിന്ന് പരിഗണിച്ചാൽ സാധ്യതയേറെ ഉണ്ടായിരുന്നത് രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായ തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ ശശിധരനായിരുന്നു. എന്നാൽ തെന്മല ഗ്രാമപഞ്ചായത്തിന്റെ ഭരണം നഷ്ടപ്പെടാൻ കാരണം കെ ശശിധരന്റെ ഭരണ പരാജയമാണ് എന്ന ആക്ഷേപം ഈ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുകയാണ്.കൂടാതെ ആനപെട്ട കോങ്കൽ വാർഡിൽ നിന്നും മത്സരിച്ചശശിധരൻ കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറി സൈമൺ അലക്സ് ആണ് പരിഗണിക്കപ്പെടുന്ന മറ്റൊരാൾ. ഇടമുളയ്ക്കൽ പഞ്ചായത്തിൽ യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരികെ എത്തിച്ചു എന്നത് സൈമൺ അലക്സിന്റെ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും ക്രിസ്ത്യൻ സമുദായത്തിന് മണ്ഡലത്തിലുളള സ്വാധീനക്കുറവാണ് പ്രതികൂലഘടകം. അനൗദ്യോഗികമായ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് ആദ്യം മുതൽ സജീവമായിരിക്കുകയാണ് മുൻ ജില്ലാ പഞ്ചായത്ത് അംഗമായ സഞ്ജയ് ഖാൻ. പക്ഷെ, കോൺഗ്രസ്സ് നേതാക്കളിലും അണികളിലും സഞ്ജയ്ഖാൻ സ്വീകാര്യനല്ലെന്നാണ് നേതൃത്വം നടത്തിയ പഠനത്തിലെ റിപ്പോർട്ട്എന്നാണ് വിവരം. കൂടാതെ ചടയമംഗലത്ത് എം എം നസീറിനെ മത്സരിപ്പിക്കുകയാണെങ്കിൽ പുനലൂരിൽ മറ്റൊരു ന്യൂനപക്ഷ സ്ഥാനാർത്ഥിയെ കൂടി നിർത്തിയാൽ അത് തിരിച്ചടിയായേക്കുമെന്നും നേതൃത്വം ഭയക്കുന്നു.
ശൈവ വെള്ളാള വിഭാഗത്തിന് നിർണായക വോട്ടുള്ള മണ്ഡലം കൂടിയാണ് പുനലൂർ. പുനലൂർ മധുവും വി സുരേന്ദ്രൻ പിള്ളയും ഈ വിഭാഗത്തിൽ നിന്നും ജയിച്ചു കയറിയവരാണ്. അത്തരമൊരു സാമുദായിക സമവാക്യം പരിഗണിച്ചാൽ പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാറിന്റെ സാധ്യത തള്ളിക്കളയാൻ ആകില്ല. പുനലൂർ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന ആര്യങ്കാവ്, തെന്മല,കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പുനലൂർ നിയമസഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ പി.എസ്.സുപാൽ 37057 വോട്ടിനാണ് ജയിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam