
കണ്ണൂർ: സതീശൻ പാച്ചേനി, കണ്ണൂരിലെ കോൺഗ്രസുകാർക്ക് മാത്രമായിരുന്നില്ല അദ്ദേഹത്തോട് ഇഷ്ടം. കേരളത്തിലെ കോൺഗ്രസുകാർ എത്രത്തോളം പാച്ചേനിയെ സ്നേഹിച്ചോ, അത്രതന്നെ സ്നേഹമായിരുന്നു പൊതു ജനങ്ങൾക്കും. രാഷ്ട്രീയ എതിരാളികളുടെ കാര്യവും മറിച്ചായിരുന്നില്ല. അത്രമേൽ സൗമ്യതയും, അഴിമതിയുടെ ഒരുതുള്ളി കറപോലും വീഴാത്ത രാഷ്ട്രീയ ജീവിതവുമായിരുന്നു പാച്ചേനിയെ ജനഹൃദയങ്ങൾ ഏറ്റെടുക്കാൻ കാരണം. അകാലത്തിൽ ആ രാഷ്ട്രീയ ജീവിതം പൊലിഞ്ഞുപോയപ്പോൾ കേരളത്തിന് നന്നായി വേദനിച്ചു. കോൺഗ്രസിന്‍റെ സമുന്നതനായ നേതാവായിരുന്ന പാച്ചേനി, സ്വന്തമായി ഒരു വീട് പോലുമില്ലാതെയാണ് ജീവിച്ചിരുന്നത്. അവസാനകാലത്ത് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തായിരുന്നു അദ്ദേഹം ജീവിതചിലവ് കണ്ടെത്തിയത് എന്നതും മറ്റൊരു സത്യം. പാച്ചേനിയെ നേരിട്ടറിയാത്തവർക്ക് പോലും, അദ്ദേഹത്തിന്‍റെ മരണശേഷം ഇക്കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയിട്ടുണ്ടാകും.
അഴിമതിയുടെ കറപുരളാത്ത ജീവിതത്തിൽ അദ്ദേഹം ജനങ്ങളുടെ സ്നേഹമല്ലാതെ മറ്റൊന്നും സമ്പാദിച്ചിരുന്നില്ല. സ്വന്തമായി ഒരു വീട് എന്നതായിരുന്നു പാച്ചേനിയുടെ വലിയൊരു സ്വപ്നം. ഉണ്ടായിരുന്ന വീട് വിറ്റ പണം പണ്ട് പാർട്ടിക്ക് നൽകിയ നേതാവ്, പിന്നീട് പലപ്പോഴും വീട് പണിയാനായി സ്വരുക്കൂട്ടിയ പണമെല്ലാം പാർട്ടിയുടെ ആവശ്യങ്ങൾക്കായി നൽകികൊണ്ടേയിരുന്നു. അകാലത്തിൽ പ്രിയ നേതാവ് പൊലിഞ്ഞുപോയപ്പോൾ, അദ്ദേഹത്തിന്‍റെ വലിയ സ്വപ്നമായ 'വീട്' പാർട്ടി ഏറ്റെടുക്കുകയായിരുന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തന്നെയാണ് അന്ന് 'സ്വപ്നം പോലൊരു വീട് സതീശന് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്. സുധാകരനൊപ്പം കേരളത്തിലെ കോൺഗ്രസ് നേതാക്കളും പാർട്ടി പ്രവർത്തകരും നാടൊന്നാകെയും കൈ പിടിച്ചപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. പക്ഷേ സ്വപ്നം കണ്ട വീട്ടിലേക്ക് കയറാൻ പാച്ചേനി മാത്രമില്ലെന്നത് ഏവരെയും ഇപ്പോഴും നൊമ്പരപ്പെടുത്തുകയാകും.
നാടും നാട്ടുകാരും കോൺഗ്രസ് പാർട്ടിയും ചേർന്ന് പാച്ചേനിയുടെ സ്വപ്നം ഇതിനകം യാഥാർത്ഥ്യമാക്കിക്കഴിഞ്ഞു. ഇനി താക്കോൽ കൂടി കൈമാറിയാൽ എല്ലാം ശുഭം. സതീശൻ പാച്ചേനിയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം മറ്റന്നാൾ (14-2-2024) ന് രാവിലെ നടക്കുമെന്ന് കെ പി സി സി അറിയിച്ചു. പാച്ചേനിയുടെ മരണത്തിന് പിന്നാലെ വീട് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ച കെ പി സി സിയുടെ അധ്യക്ഷൻ കെ സുധാകരനാണ് കുടംബത്തിന് താക്കോൽ കൈമാറുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam