വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിയത് കോടികൾ,കായംകുളം കോൺഗ്രസ് കൗൺസിലറും മാനേജറും അറസ്റ്റിൽ

Published : Jan 16, 2026, 08:11 PM IST
money fraud

Synopsis

ചാരുംമൂട് ബ്രാഞ്ച് കേന്ദ്രീകരിച്ച് വ്യാപാരികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ചിട്ടിയായും സ്ഥിരനിക്ഷേപമായും കോടിക്കണക്കിന് രൂപ സൊസൈറ്റി സമാഹരിച്ചിരുന്നു.

കായംകുളം: വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന ആറ് കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റി മുൻ പ്രസിഡന്റും കായംകുളം നഗരസഭ കൗൺസിലറുമായ നുജുമുദ്ദീൻ ആലുംമൂട്ടിലിനെ (65) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം സൊസൈറ്റിയുടെ ചാരുംമൂട് ബ്രാഞ്ച് ചുമതലക്കാരനായിരുന്ന കീരിക്കാട് ഹരിശ്രീ വീട്ടിൽ ഹരികുമാറിനെയും (53) പൊലീസ് പിടികൂടി. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ നുജുമുദ്ദീൻ പ്രസിഡന്റായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നത്. ചാരുംമൂട് ബ്രാഞ്ച് കേന്ദ്രീകരിച്ച് വ്യാപാരികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ചിട്ടിയായും സ്ഥിരനിക്ഷേപമായും കോടിക്കണക്കിന് രൂപ സൊസൈറ്റി സമാഹരിച്ചിരുന്നു. വൻ പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്. 

പരാതിയുമായി കൂടുതൽ നിക്ഷേപകർ 

എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതിരിക്കുകയും, തുക ചോദിച്ചെത്തിയവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ ഏകദേശം 6,18,68,346 രൂപയുടെ നഷ്ടം സൊസൈറ്റിക്ക് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നൂറനാട് സ്റ്റേഷനിൽ മാത്രം ഇതുവരെ 18 കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ കായംകുളം പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസുകളുണ്ട്.

നേരത്തെ ഈ കേസിൽ അറസ്റ്റിലായിരുന്ന നുജുമുദ്ദീൻ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാൽ കൂടുതൽ പരാതിക്കാർ രേഖകളുമായി എത്തിയതോടെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയും, ജില്ലാ കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. തുടർന്നാണ് നൂറനാട് എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിലവിൽ പ്രതികൾ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച ​ഗുരുവായൂരപ്പന് ഉ​ഗ്രൻ സമ്മാനം, ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാലകളുമായി ശിവകുമാറും ഭാര്യയും
കേരള രാഷ്ട്രീയത്തിൽ പെന്തക്കോസ്ത് വിഭാഗം വിധി നിർണയിക്കും, നമ്മൾ ചെറിയ ഗ്രൂപ്പല്ലെന്ന് അറിവുള്ള രാഷ്ട്രീയക്കാർക്ക് അറിയാം; പാസ്റ്റർ ബാബു ചെറിയാൻ