
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ സീറ്റ് വിഭജനത്തിൽ കോൺഗ്രസും മുസ്ലിം ലീഗുമായി നേർക്കുനേർ പോരടിക്കുമെന്ന അവസ്ഥയിലേക്കാണ് തർക്കം തുടരുന്നത്. മൂന്ന് സീറ്റുകൾ അധികം വേണമെന്നാണ് ലീഗിന്റെ ആവശ്യം. സംസ്ഥാനത്ത് യു ഡി എഫ് ഭരണത്തിലുള്ള ഏക കോർപ്പറേഷനിൽ മുസ്ലിം ലീഗും കോൺഗ്രസുമായുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചർച്ച നാളെ നടക്കും. പാർട്ടി ചിഹ്നത്തിൽ ജനവിധി തേടിയ 16 പേർ ഉൾപ്പെടെ കഴിഞ്ഞ തവണ ലീഗ് മത്സരിച്ചത് 18 സീറ്റുകളിലായിരുന്നു. ഇക്കുറി ഇരുപതോ ഇരുപത്തി ഒന്നോ സീറ്റിനായുള്ള കടുംപിടുത്തത്തിൽ ആണ് ലീഗ് ജില്ലാനേതൃത്വം. കോൺഗ്രസ് മത്സരിച്ച വാരം, വെറ്റിലപ്പള്ളി, കടലായി ഡിവിഷനുകളാണ് ലീഗ് ആവശ്യപ്പെടുന്നത്. സ്വാഭാവിക നീതിയും ജയസാധ്യതയും പരിഗണിക്കണമെന്നാണ് ആവശ്യമെന്ന് ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി വ്യക്തമാക്കി.
കഴിഞ്ഞതവണ 36 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 20 സീറ്റുകളിലാണ് വിജയിച്ചത്. ജയസാധ്യതയുള്ള സീറ്റുകൾ എല്ലാം ലീഗിനെന്ന പതിവ് പരിഭവം കണ്ണൂരിലും ഉണ്ട്. എന്നാൽ പരസ്യമായ തർക്കത്തിനില്ലെന്ന് ഡി സി സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് വ്യക്തമാക്കി. എൽ ഡി എഫിനെക്കാൾ 15 സീറ്റുകൾ അധികം നേടിയാണ് കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷൻ യു ഡി എഫ് പിടിച്ചെടുത്തത്. തർക്കങ്ങൾ ഉണ്ടായെങ്കിലും മേയർ സ്ഥാനം പങ്കിടുകയും ചെയ്തു. ഡെപ്യൂട്ടി മേയർ പി ഇന്ദിരയെയാണ് മേയർ സ്ഥാനാർഥിയായി കോൺഗ്രസ് ഇത്തവണ പരിഗണിക്കുന്നത്. ലീഗ് അവകാശവാദം ഉന്നയിക്കുന്ന വാരത്തും വെറ്റിലപ്പള്ളിയിലുമെല്ലാം കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടുവെച്ചിട്ടുമുണ്ട്. അതാണ് ലീഗിന് സീറ്റ് വിട്ടുകൊടുക്കാനുള്ള പ്രയാസം.
അതിനിടെ തദ്ദേശഭരണ തെരെഞ്ഞെടുപ്പില്‍ മലപ്പുറത്തെ യു ഡി എഫിലെ തർക്കം പരിഹരിക്കാൻ നേതാക്കള്‍ യോഗം ചേര്‍ന്നു. മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽ കുമാർ എം എൽ എ അടക്കം ഇരു പര്‍ട്ടികളില്‍ നിന്നുമായി എട്ട് നേതാക്കൾ പങ്കെടുത്തു. പുതിയതായി വര്‍ധിച്ച സീറ്റുകളെ ചൊല്ലിയാണ് മുന്നണിയില്‍ വലിയ തകര്‍ക്കമുള്ളത്. പ്രാദേശികമായി ചര്‍ച്ചകളില്‍ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളാണ് ജില്ലാ തലത്തില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നത്. ഏറ്റവും വലിയ തർക്കമുള്ള പൊൻമുണ്ടം പഞ്ചായത്തിലെ കോൺഗ്രസ് - മുസ്ലീം ലീഗ് നേതാക്കളെ യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. മലപ്പുറത്തെ യു ഡി എഫ് തർക്കം പരിഹരിക്കപെടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫ് സംവിധാനത്തിലായിരിക്കും എല്ലായിടത്തും മത്സരിക്കുകയെന്നും പൊൻമുണ്ടം പഞ്ചായത്തിലും യു ഡി എഫ് ആയി മത്സരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam