
ആലപ്പുഴ: ഹരിതകർമസേനാംഗങ്ങൾ നഗരസഭാ അധികൃതരെ ഏല്പിച്ച സ്വർണമോതിരം ഓഫീസിൽ നിന്ന് കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഉടമസ്ഥാവകാശവുമായി അധ്യാപിക കായംകുളം ഡിവൈഎസ്‌പിക്ക് പരാതി നൽകി. അച്ഛന്റെ കൈവശമുണ്ടായിരുന്ന ഒമാൻ മുദ്രയുള്ള ഒന്നരപ്പവൻ മോതിരമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. മോതിരം മാറ്റിവാങ്ങാൻ പോയി മടങ്ങിവരവെയാണ് നഷ്ടപ്പെട്ടത്. വീട്ടിലെ കല്യാണ ആൽബത്തിൽ മോതിരത്തിന്റെ ഫോട്ടോയുണ്ടെന്നും ഇത് തെളിവായി നൽകുമെന്നും അധ്യാപിക വ്യക്തമാക്കി. ഹരിതകർമസേനാംഗങ്ങൾ കളഞ്ഞുകിട്ടിയ മോതിരം ഫോട്ടോ എടുത്തശേഷം മുൻ ചെയർപേഴ്സണെ ഏല്പിച്ചുവെന്നാണ് പറയുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്താണ് മോതിരം ലഭിച്ചത്. ഇത് നഷ്ടപ്പെട്ടതിൽ മുൻ അധ്യക്ഷയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞയാഴ്ച നഗരസഭയിൽ രാത്രി ഫയൽ മോഷണശ്രമം നടന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്തതും ഇതുവരെ പ്രവർത്തനം തുടങ്ങാത്തതുമായ ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ ഫയലാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് നിലവിലെ യുഡിഎഫ് ഭരണസമിതി ആരോപിക്കുന്നു. പ്ലാന്റ് പ്രവർത്തിക്കും മുമ്പ് പണം മാറിനൽകാൻ മുൻ ഭരണസമിതി ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയിരുന്നതായും ആരോപണമുണ്ട്. മോതിരം കാണാതായതും ഫയൽ മോഷണശ്രമവും നഗരസഭയിൽ ഭരണ-പ്രതിപക്ഷ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മോതിരത്തിന്റെ ഉടമസ്ഥയെത്താത്തതിനാൽ അന്വേഷണം മന്ദഗതിയിലായിരുന്നു. എന്നാൽ അധ്യാപിക പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam