
തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് കഞ്ചാവ് വിൽപന നടത്തിവന്ന അതിഥി തൊഴിലാളി യുവാവിനെ വർക്കല എക്സൈസ് പിടികൂടി. ജാർഖണ്ഡ് സ്വദേശി സഹ്ജാദ് (25) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ഒരു കിലോ ഇരുനൂറു ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. മൂന്ന് വർഷമായി ഇയാൾ വർക്കലയിൽ താമസിച്ചു വരികയാണ് എന്ന് എക്സൈസ് സംഘം പറഞ്ഞു.
വർക്കല നോർത്ത് ക്ലിഫ് പ്രദേശത്ത് ഇയാൾ നടത്തി വരുന്ന കൂൾ ഡ്രിങ്ക്‌സ് കടകളിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ആറ് മാസം മുൻപ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇയാളുടെ കടകളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു.
അതേസമയം, നെടുപുഴ സ്റ്റേഷൻ പരിധിയിലെ ചിയ്യാരത്തു നിന്നും ആഡംബര കാറിൽ 221 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഒഡീഷയിൽ നിന്നും വൻ മാഫിയ തലവനും കൂട്ടാളിയും പിടിയിലായി. പിടികൂടിയ കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി തൃശൂർ സിറ്റി പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒഡീഷ ഗജപതി ജില്ലയിൽ നിന്നും രണ്ടു പേരെക്കൂടി പിടികൂടിയത്. ഗജപതി ജില്ല സ്വദേശിനിയായ നമിത പരീച്ച (32), അരുൺ നായിക് (25) എന്നിവരെയാണ് കേരള പൊലീസ് സംഘം പൊക്കിയത്.
നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി.ദിലീപും സംഘവും ചേർന്ന് ഒറീസയിൽ നിന്നും സാഹസികമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതിയാണ് 221 കിലോ കഞ്ചാവ് കാറിൽ കടത്തുകയായിരുന്ന നാലംഗ സംഘത്തെ നെടുപുഴ പൊലീസും തൃശൂർ സിറ്റി ലഹരിവിരുദ്ധ വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam