ആറ് ഉദ്യോഗസ്ഥരെ തിരികെ എടുക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആരുണ്‍ ആര്‍ എസ് ഇന്ന് ഉത്തരവിറക്കി. പൊലീസെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പാണ് നടപടി.

ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവ് സരുൺ സജിക്കെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ആറ് ഉദ്യോഗസ്ഥരെ തിരികെ എടുക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആരുണ്‍ ആര്‍ എസ് ഇന്ന് ഉത്തരവിറക്കി. പൊലീസെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പാണ് നടപടി.

കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 20 തിനാണ് സരുണ്‍ സജിക്കെതിരെ കേസെടുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധമുണ്ടായപ്പോള്‍ വനംവകുപ്പ് സിസിഎഫ് അന്വേഷണം നടത്തി. കള്ളകേസെന്ന് ഉറപ്പായതോടെ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡന്‍ ബി രാഹുലടക്കം ഏഴുപേരെ സസ്പെന്‍റ് ചെയ്തു. സരുണ്‍ സജിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങി 13 പേരെ പ്രതികളാക്കി പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇതില്‍ അന്വേഷണം പൂ‍ര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന‍് പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ഏഴ് പേരെയും തിരിച്ചെടുത്തുകൊണ്ട് വനംവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 

മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെയാണ് ആദ്യം സർവീസിൽ തിരിച്ചെടുത്തിരുന്നു. തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍ കുമാര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ലെനിന്‍ ഷിജിരാജ് സിനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ജിമ്മി ജോസഫ് വാച്ചര്‍മാരായ മോഹനന്‍ ജയകുമാര്‍ എന്നിവരെ തിരിച്ചെടുക്കാന്‍ ഇന്ന് ഉത്തരവിട്ടു. അതേസമയം കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ വീണ്ടും സമീപിക്കാനാണ് സരുണിന്‍റെ തീരുമാനം.