
സുല്‍ത്താന്‍ബത്തേരി: കൊവിഡ് രണ്ടാംഘട്ടത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് കേരളത്തിന്‍റെ അയല്‍ സംസ്ഥാനമായ കര്‍ണാടക കൊണ്ടുവന്നത്. ഒന്നാംഘട്ടത്തില്‍ അതിര്‍ത്തികള്‍ മണ്ണിട്ടും കമ്പിവേലി കെട്ടിയും അടച്ച കര്‍ണാടക സര്‍ക്കാര്‍ രണ്ടാംതരംഗത്തില്‍ ഉദ്യോഗസ്ഥരെ അണിനിരത്തിയായിരുന്നു നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. എന്നാലിപ്പോള്‍ രാജ്യമൊട്ടുക്ക് രോഗവ്യാപനതോത് കുറഞ്ഞുവരികയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പോകുന്നവരില്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ഇനി മുതല്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ അതിര്‍ത്തി കടത്തിവിടും.
ദിവസങ്ങള്‍ക്ക് മുമ്പ് വരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമായിരുന്നു. കഴിഞ്ഞ ആഴ്ച ഇങ്ങനെ ഒരു ഉത്തരവ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തിറക്കിയിരുന്നുവെങ്കിലും പിന്നീട് രാത്രി വൈകി ഈ ഉത്തരവ് പിന്‍വലിച്ചു. അന്ന് തന്നെ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി പ്രത്യേക ഉത്തരവ് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍. മഞ്ജുനാഥ പ്രസാദ് പുറത്തിറക്കുകയായിരുന്നു.
അതേ സമയം വാക്‌സിന്‍ എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും അതിര്‍ത്തി കടക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനാണ് ആദ്യം ഒരു ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയെന്ന നിര്‍ദ്ദേശമുണ്ടായിരുന്നത്. ഇത് കേരളത്തിനും ബാധകമാക്കുകയായിരുന്നു.
വിമാനം, ബസ്, ട്രെയിന്‍, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് പുതിയ ഉത്തരവ് ബാധകമായിരിക്കും. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും വിദ്യാര്‍ഥികള്‍ക്ക് നല്‍കി കോളേജുകള്‍ തുറക്കാനുള്ള നീക്കത്തിലാണ് കര്‍ണാടകയിലെ സര്‍ക്കാര്‍. കേരളത്തില്‍ നിന്നും ആയിരകണക്കിന് പേരാണ് മംഗളൂര്‍, ബംഗളൂര്‍ തുടങ്ങിയയിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം നടത്തുന്നത്. ഇവര്‍ക്ക് ഉള്‍പ്പെടെ പുതിയ ഉത്തരവ് സഹായകരമായിരിക്കും.
തമിഴ്‌നാടും കേരളത്തില്‍ നിന്നുള്ള പ്രവേശനത്തിന് എല്ലാ നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്. വയനാട്ടില്‍ നിന്നുള്ള അതിര്‍ത്തികള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ണമായും തുറക്കും. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള പ്രവേശത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോഴുമുണ്ട്. മൂലഹള്ള, ബാവലി, കുട്ട, കാട്ടിക്കുളം ചെക്‌പോസ്റ്റുകളാണ് വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ പ്രധാനമായും ഉള്ളത്. പാട്ടവയല്‍, നമ്പ്യാര്‍കുന്ന് ചെക്‌പോസ്റ്റുകളാണ് പ്രധാനമായും തമിഴ്‌നാട്ടിലേക്ക് പോകാന്‍ വയനാട്ടുകാര്‍ ആശ്രയിക്കുന്നത്. മറ്റു ചെറിയ പ്രവേശന റോഡുകള്‍ ഉണ്ടെങ്കിലും എല്ലാ വാഹനങ്ങളും കടന്നുപോകാറില്ല. അതേ സമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ഇന്നലെയും 12,100 പേര്‍ക്ക് കൊവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. 10.25 -ാണ് ഇന്നലെ കേരളത്തിലെ ടിപിആര്‍ റേറ്റ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam