പിടികൂടിയ രാസലഹരി ശേഖരത്തിന് വിപണിയില്‍ 30 ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടുകാരെ ചോദ്യം ചെയ്തുവരികയാണ്.

മലപ്പുറം: ചേലേമ്പ്ര പൈങ്ങോട്ടൂരില്‍ സൂക്ഷിച്ച 1013 ഗ്രാം എം. ഡി.എം.എ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസും കൊണ്ടോട്ടി ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് വന്‍ ലഹരി ശേഖരം പിടികൂടിയത്. ഇവിടെനിന്ന് 21 ലക്ഷത്തിലധികം രൂപ, ലാപ്‌ടോപ്, പല തരത്തിലുള്ള തുലാസുകള്‍, മൊബൈല്‍ ഫോണുകള്‍, വാക്കിടോക്കി എന്നിവയും പിടിച്ചെടുത്തു. പ്രതിയുടെ മാതാപിതാക്കളെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൈങ്ങോട്ടൂരിലെ വടക്കാഞ്ചേരി യാസറിന്റെ വീട്ടില്‍ ഇന്നലെ രാവിലെ 11ഓടെയാണ് പൊലീസ് പരിശോധന തുടങ്ങിയത്. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

പിടികൂടിയ രാസലഹരി ശേഖരത്തിന് വിപണിയില്‍ 30 ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടുകാരെ ചോദ്യം ചെയ്തുവരികയാണെന്നും ഇത് പൂര്‍ത്തിയായാല്‍ മാത്രമേ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്നും പൊലീസ് അറിയിച്ചു. അതേ സമയം വില്‍പനക്കെത്തിച്ച എം.ഡി.എം.എയുമായി ഐക്കരപ്പടിയില്‍നിന്ന് യുവാവിനെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. തേഞ്ഞിപ്പലം ചേലമ്പ്ര സ്വദേശി മേലത്തൊടി കെ. ആദില്‍ ഷാന്‍ (20) ആണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായാണ് ഇയാള്‍ വലയിലായത്. നാല് ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വില്‍പന നടത്തി ലഭിച്ച 2.5 ലക്ഷം രൂപയും ഇലക്ട്രിക് ത്രാസ്, ഗ്ലാസ് ഫണലുകള്‍ തു ടങ്ങിയ സാമഗ്രികളും പൊലീസ് സംഘം കണ്ടെടുത്തു.

പിടിയിലായ ആദില്‍ ഷാന്റെ പേരില്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ ലഹരിക്കേസ് നിലവിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ കൊണ്ടോട്ടി എ.എസ്.പി കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ പി.എം. ഷമീര്‍, കൊണ്ടോട്ടി സബ് ഇന്‍സ്പക്ടര്‍ ആന്റണി ക്ലീറ്റസ് എന്നിവരുടെ നേതൃ ത്വത്തില്‍ ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.