കൊഴുവല്ലൂരില്‍ സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; നാലുപേര്‍ക്ക് പരിക്ക്

By Web TeamFirst Published Aug 26, 2021, 11:47 AM IST
Highlights

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ കൊഴുവല്ലൂര്‍ കിടങ്ങില്‍തുണ്ടി ജങ്ഷനില്‍ മണ്ണുമായെത്തിയ ലോറി ശരത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണമെന്നു ഡിവൈഎഫ്‌ഐ ആരോപിച്ചു. ശരത്തും ദിലീപും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.
 

കൊഴുവല്ലൂര്‍: കൊഴുവല്ലൂരില്‍ സിപിഐ,  സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി നാല് പേര്‍ക്ക് പരിക്ക്. സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ചിലരും സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണു സംഘര്‍ഷമുണ്ടായത്. അനധികൃത മണ്ണു ഖനനം തടഞ്ഞതിനാണു സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നതെന്ന് സിപിഎം വിശദീകരിച്ചു.  എന്നാല്‍ സിപിഎം മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് സിപിഐ ആരോപിച്ചു. 

ചൊവ്വാഴ്ച ഉച്ചയ്ക്കു 12മണിയോടെ മുളക്കുഴ കിടങ്ങില്‍ തുണ്ടി ജങ്ഷനിലാണു സിപിഎം മുളക്കുഴ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം അംബികാസദനം എ.ജി. അനില്‍ കുമാര്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പടീറ്റതില്‍ അനില്‍കുമാര്‍ എന്നിവര്‍ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു കൊഴുവല്ലൂര്‍ സ്വദേശികളായ ജോജു, ദിനേശ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. തിങ്കള്‍ രാത്രി ഇതേ സ്ഥലത്തു ഡിവൈഎഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറി ശരത് എസ്. ദാസ്, മുളക്കുഴ മേഖല കമ്മിറ്റി അംഗം ദിലീപ് തപസ്യ എന്നിവര്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ കൊഴുവല്ലൂര്‍ സ്വദേശികളായ സൂരജ്, അനീഷ്, രാജേഷ്, സുനി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ കൊഴുവല്ലൂര്‍ കിടങ്ങില്‍തുണ്ടി ജങ്ഷനില്‍ മണ്ണുമായെത്തിയ ലോറി ശരത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണമെന്നു ഡിവൈഎഫ്‌ഐ ആരോപിച്ചു. ശരത്തും ദിലീപും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. തുടര്‍ന്നു കമ്പിവടി കൊണ്ടുള്ള ആക്രമണത്തില്‍ ശരത്തിനു തലയ്ക്ക് പരുക്കേറ്റു. ദിലീപിനു മുതുകത്തും നെഞ്ചിലുമാണു പരുക്ക്. ഇരുവരും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഐ പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്‍പിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഡിവൈഎഫ്‌ഐകാര്‍ പ്രകോപനം ഇല്ലാതെ സിപിഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നും സിപിഐ മുളക്കുഴ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. 

കിടങ്ങില്‍തുണ്ടിയില്‍ സിപിഐയുടെ പുതിയ ബ്രാഞ്ച് രൂപീകരിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!