കോഴിഫാമിലെ മേൽക്കൂര ഉറപ്പിക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് സേലം സ്വദേശിയായ ഗോകുലപ്രിയന് ഇരു കൈകളും നഷ്ടമായത്

കൊച്ചി: സേലം സ്വദേശിയ്ക്ക് താങ്ങായി ശബരിമല ദർശനത്തിന് പിന്നാലെ പമ്പയിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച ജയിൽ ജീവനക്കാരന്റെ കൈകൾ. ശബരിമല ദർശനത്തിന് ശേഷം പമ്പയിൽ വെച്ചാണ് പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ അനീഷ് എ.ആർ അപസ്മാരത്തെ തുടർന്ന് വീഴുന്നത്. വീഴ്ചയുടെ ആഘാതത്തിൽ മസ്തിഷ്കമരണം സംഭവിച്ച അനീഷിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അനീഷ് ദാനം ചെയ്ത ഇരുകൈകളും ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചത് സേലം സ്വദേശിയായ 23 കാരനായിരുന്നു. കുടുംബമായി ചെയ്യുന്ന കോഴിഫാമിലെ മേൽക്കൂര ഉറപ്പിക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് സേലം സ്വദേശിയായ ഗോകുലപ്രിയന് ഇരു കൈകളും നഷ്ടമായത്. ഷോക്കേറ്റ് കൂടെയുണ്ടായിരുന്ന മുത്തശ്ശൻ മരണപ്പെടുകയും ചെയ്തിരുന്നു. 2018ലെ അപകടത്തിന് ശേഷം ഗോകുലപ്രിയൻ കൃത്രിമ കൈകൾ വച്ചുപിടിപ്പിച്ചെങ്കിലും സാധാരണ ജീവിതം വിദൂര സ്വപ്നം മാത്രമായിരുന്നു. 

കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അനീഷിന്റെ കൈകൾ 23കാരന് മൃതസഞ്ജീവനി പദ്ധതിയിൽ ലഭിക്കുന്നത്. 2025 ഒക്ടോബർ 22നാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ അനീഷിന്റെ കൈകൾ ഗോകുലപ്രിയന് തുന്നിച്ചേർത്തത്. അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. 32 ദിവസം നീണ്ട ആശുപത്രിവാസത്തിന് ശേഷം ഗോകുലപ്രിയൻ ആശുപത്രി വിട്ടു. ചികിത്സ വിജയകരമായി പൂർത്തിയാക്കി മടങ്ങുന്ന 23കാരന് അമൃത ആശുപത്രി അധികൃതർ യാത്രയയപ്പ് നൽകി. 

കൈകൾ ലഭിച്ചതോടെ തനിക്ക് പഴയ ജീവിതം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയിലാണ് ഗോകുല പ്രിയനുള്ളത്. ഗോകുലപ്രിയന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ അഛനും മുത്തശ്ശിയും കൊച്ചി അമൃത ആശുപത്രിയിൽ എത്തിയിരുന്നു. 10 വർഷം മുൻപ് ആരംഭിച്ച് ഇരു കൈകളും മാറ്റിവയ്ക്കുന്ന ലോകത്തെത്തന്നെ ഒന്നാമത്തെ സെൻറർ ആയി അമൃത ആശുപത്രി മാറിയെന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സുബ്രഹ്മണ്യ അയ്യർ പ്രതികരിച്ചത്. അമൃത കൊച്ചി, ഫരീദാബാദ് ആശുപത്രികളിലായി ഇരു കൈകളും മാറ്റിവയ്ക്കുന്ന 21 ശസ്ത്രക്രിയകളാണ് ഇതിനോടകം പൂർത്തിയായിട്ടുള്ളത്.‌

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം