തിരുവനന്തപുരം വഞ്ചിയൂരിലെ വർക്ക് ഷോപ്പിൽ നന്നാക്കുന്നതിനിടെ ഒരു സ്കൂട്ടറിന് തീപിടിച്ചു. പഴകിയ സ്കൂട്ടറിന്റെ പെട്രോൾ ടാങ്കിൽ നിന്നുണ്ടായ ചോർച്ചയും, ദ്രവിച്ച നട്ട് അഴിക്കുമ്പോഴുണ്ടായ തീപ്പൊരിയുമാണ് അപകടത്തിന് കാരണം.
തിരുവനന്തപുരം: സ്‌കൂട്ടർ നന്നാക്കുന്നതിനിടെ പെട്രോൾ ചോർന്ന് തീപിടിച്ച് അപകടം. ഇന്നലെ രാവിലെ വഞ്ചിയൂർ - മാർക്കറ്റ് റോഡിലെ വർക്ക് ഷോപ്പിലായിരുന്നു അപകടം. കരമന മേലാംകോട് ശിവശക്തിയിൽ ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിനാണ് തീ പിടിച്ചത്. കൃത്യ സമയത്ത് ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ ആർക്കും പരിക്കുണ്ടായില്ല. ആക്‌ടീവ സ്കൂട്ടറിൻ്റെ ഡിക്കി ഭാഗത്തെ നട്ട് അഴിക്കുന്നതിനായിരുന്നു മാർക്കറ്റ് റോഡിലെ വർക്ക് ഷോപ്പിലെത്തിച്ചത്. ഇത് ഊരുന്നതിനിടെയാണ് പെട്ടെന്ന് വാഹനത്തിന് തീപിടിച്ചത്.
ദ്രവിച്ച നട്ട് ഊരിയെടുക്കാൻ സ്കൂട്ടർ തറയിൽ ചരിച്ചു കിടത്തിയിരുന്നു. ഏറെ പഴക്കം ചെന്ന സ്കൂട്ടറിൻ്റെ പെട്രോൾ ടാങ്കിന്റെ ഭാഗത്തു നിന്നും ഇന്ധനം ചോർന്നു. ദ്രവിച്ച നട്ട് അഴിക്കുന്നതിനിടെ തീപ്പൊരി ചിന്തുകയും തീപിടിക്കുകയുമായിരുന്നു. അടുത്തുണ്ടായിരുന്നവർ ഉടൻ വെള്ളമൊഴിച്ചു തീയണക്കാൻ ശ്രമിച്ചെങ്കിലും തീ അണഞ്ഞില്ല. ഇതോടെ അഗ്നിരക്ഷാ സേനയെ വിളിച്ചു. തിരുവനന്തപുരം ഫയർസ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഉദ്യോഗസ്ഥർ എത്തിയാണ് തീ പൂർണമായും കെടുത്തിയത്. സ്‌കൂട്ടറിന്റെ ഇലക്ട്രിക്കൽ പാർട്ടുകൾ പൂർണമായും കത്തിനശിച്ചു.


