
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തേടി സിപിഐയുടെ നെട്ടോട്ടം. മത്സരിക്കുന്ന നാലിൽ മൂന്ന് സീറ്റും സ്റ്റാര്‍ മണ്ഡലങ്ങളായതാണ് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമേറ്റുന്നത്. പൊതു സ്വതന്ത്രനെ മുതൽ അങ്ങ് ദില്ലിയിൽ ചെന്ന് വരെ സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുകയാണ് സിപിഐ സംസ്ഥാന നേതൃത്വം.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് എതിരെ സ്ഥാനാര്‍ത്ഥി വേണം. തിരുവനന്തപുരത്ത് തരൂരിന് പറ്റിയ എതിരാളിയെ തേടണം. സുരേഷ് ഗോപി തൃശ്ശൂരെടുക്കാതെ കാക്കണം. എട്ടാം തവണ എംപിയാകാൻ ഇറങ്ങുന്ന കൊടിക്കുന്നിലിന്‍റെ ദില്ലി യാത്രക്കും തടയിടണം. ഇത്തവണ ലോക് സഭാ തെരഞ്ഞെടുപ്പിൽ അത്ര സിമ്പിളല്ല സിപിഐക്ക് മുന്നിലുള്ള ടാസ്ക്. വല്ലവിധേയനും നിന്ന് മത്സരിച്ച മടങ്ങുന്ന പതിവ് ഇത്തവണ നടക്കില്ലെന്ന് തുടക്കത്തിലേ ഓര്‍മ്മിപ്പിച്ചാണ് മുന്നണി നേതൃത്വം സിപിഐയെ തിരുവനന്തപുരത്ത് ഇറക്കുന്നത്.
രാജ്യസഭാ സീറ്റിന്‍റെ കാലാവധി അടുത്ത് തീരാനിരിക്കുന്ന ബിനോയ് വിശ്വം ഇവിടെ ആദ്യ പേരുകാരനാണ്. വിജയസാധ്യതയും മികച്ച മത്സരവും അത്യാവശ്യമെന്നിരിക്കെ ദേശീയ നേതൃനിരയിൽ നിന്ന് ആനി രാജ ആയാലോ എന്നും അഭിപ്രായം ഉണ്ട്. സംസ്ഥാന നേതൃത്വത്തിൽ വലിയ വിഭാഗത്തിന് പക്ഷെ ആനി രാജയോടത്ര പഥ്യമില്ല. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട, പോയ തെരഞ്ഞെടുപ്പുകളിൽ നിന്ന് പാഠമുൾക്കൊണ്ട് വിജയത്തോളമെത്താൽ കെൽപ്പുള്ള പൊതു സ്വതന്ത്രനുമുണ്ട് സിപിഐയുടെ പരിഗണനയിൽ. ഏഴ് തവണ തുടര്‍ച്ചയായി ജയിച്ച് എട്ടാംമത്സരത്തിനിറങ്ങുന്ന കൊടിക്കുന്നിലിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇറങ്ങിയേക്കുമെന്നാണ് സൂചന.
ചെങ്ങറ സുരേന്ദ്രൻ മുതൽ ഐഐവൈഎഫ് നേതാവ് സിഎ അരുൺ കുമാര്‍ വരെ ഇത്തവണ സാധ്യത ലിസ്റ്റിലുണ്ട്. ഇത്തവണ തൃശൂരില്‍ തീപാറുന്ന ത്രികോണപ്പോര് നടക്കുമെന്നാണ് വിലയിരുത്തല്‍. എ പ്ലസ് മണ്ഡലത്തിൽ ബിജെപി സീറ്റ് ഉറപ്പിച്ച സുരേഷ് ഗോപിയും അട്ടിമറി നടന്നില്ലെങ്കിൽ കോണ്‍ഗ്രസിന് വേണ്ടി സിറ്റിംഗ് എംപി ടിഎൻ പ്രതാപനും എതിര്‍ പക്ഷത്ത് വരുമ്പോള്‍ ഇടത് വേരോട്ടം നല്ലപോലുള്ള തൃശൂരിൽ വിഎസ് സുനിൽകുമാര്‍ സിപിഐ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്.
വ്യക്തിപരമായ കടുംപിടുത്തങ്ങളിൽ പാര്‍ട്ടി വീണില്ലെങ്കിൽ സുനിലിനു മുന്നിൽ മറ്റ് തടസങ്ങളില്ല. ഇന്ത്യ മുന്നണിയുടെ വരവോടെ വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതിൽ പോലും സിപിഐ രണ്ടഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. രാഹുലല്ല, ഇനി ആരെ കോൺഗ്രസ് വയനാട്ടിലിറക്കിയാലും ഇടത് സ്ഥാനാര്‍ത്ഥി ചര്‍ച്ച ചുരം കയറാനിരിക്കുന്ന തുരങ്കപാതയേക്കാൾ സങ്കീര്‍ണ്ണമാകും സിപിഐക്ക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam