
വയനാട്: വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ എ വി ജയനുമായി ചർച്ച നടത്തി സിപിഎം നേതാക്കൾ. മന്ത്രി ഒ ആർ കേളു , സി കെ ശശീന്ദ്രൻ എന്നിവരാണ് എ വി ജയനുമായി ചർച്ച നടത്തിയത്. തരംതാഴ്ത്തൽ നടപടിക്ക് ശേഷം ഉണ്ടായ പൊട്ടിത്തെറിക്കും നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തിനും പിന്നാലെ ആണ് നീക്കം. തരം താഴ്ത്തിയ നടപടിക്കെതിരെ എ വി ജയൻ ഇന്ന് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകും.
എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ സി പി എമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറിയുമുണ്ടായിരുന്നു. ജില്ലയിലെ ഒരു വിഭാഗം നേതാക്കളും അണികളും പാർട്ടി നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ്. ഇതോടെ സി പി എം ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. എ വി ജയന് എതിരായ നടപടി കടുത്ത വിഭാഗീയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് പാർട്ടി.
കർഷക സംഘം ജില്ലാ പ്രസിഡന്‍റും പുൽപ്പള്ളി സി പി എം ഏരിയ കമ്മിറ്റി അംഗവുമായ എ വി ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരം താഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ കമ്മീഷനെ വച്ച സി പി എം, അന്വേഷണ റിപ്പോർട്ടിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു. പുൽപ്പറ്റി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. വയനാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ചേരി തിരിവാണ് നടപടിയിലേക്ക് നയിച്ചതെന്ന് വിമർശനമുണ്ട്.