Latest Videos

'ഇടുക്കിയിൽ 10 ലക്ഷത്തിന്റെ വികസനം പോലും നടത്തിയിട്ടില്ല', ഡീനിന്റെ യാത്ര പ്രഹസനമെന്ന് സിപിഎം

By Web TeamFirst Published Jan 21, 2023, 9:46 PM IST
Highlights

ഭൂമിവിഷയത്തില്‍ പരസ്പരം കോമ്പുകോര്‍ത്ത് സിപിഎമ്മും-കോണ്‍ഗ്രസും. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ജില്ലയില്‍ എംപി പദയാത്ര നടത്തുന്നതെന്ന് കോണ്‍ഗ്രസ്. യാത്ര പ്രഹസനമെന്ന് സിപിഎം ഏരിയ സെക്രട്ടറി കെകെ വിജയന്‍.

മൂന്നാര്‍: മൂന്നാറിലെ ഭൂമിപ്രശ്നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടും ഇതേ ആവശ്യം പറഞ്ഞ് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നടത്തുന്ന പദയാത്ര പ്രഹസനമെന്ന് സിപിഎം ഏരിയ സെക്രട്ടറി കെകെ വിജയന്‍.  ജില്ലയില്‍ പത്ത് ലക്ഷത്തിന്റെ വികസനം പോലും എംപിയുടെ നേത്യത്വത്തില്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം മൂന്നാറില്‍ പറഞ്ഞു. മൂന്നാറൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമ ഭേദഗതിയുമായി എത്തുകയാണ്. നിയമം മാറുന്നതോടെ മൂന്നാര്‍ അടക്കമുള്ള താമസക്കാര്‍ അനുഭവിക്കുന്ന എല്ലാ ഭൂമിപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. എന്നാല്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനെ സ്വാഗതം ചെയ്യുകയോ മുഖവിലക്കെടുക്കുകയോ ചെയ്യാതെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നടത്തുന്ന പദയാത്ര പ്രസഹനമാണ്. ഇത് ജനങ്ങൾ മനസിലാക്കുമെന്നും സിപിഎം ഏരിയ സെക്രട്ടറി കെകെ വിജയന്‍ പറഞ്ഞു. 

ജില്ലയില്‍ പത്ത് ലക്ഷത്തിന്റെ വികസനം പോലും എംപി എന്ന നിലയില്‍ ഡീന്‍ കുര്യാക്കോസ് നടത്തിയിട്ടില്ല.  മുന്‍ എംപി ജോയ്സ് ജോര്‍ജ്ജ് ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനല്ലാതെ മറ്റൊന്നും കോണ്‍ഗ്രസ് എംപിക്ക് സാധിച്ചിട്ടില്ല. മാത്രമല്ല ജില്ലയിലെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട യോഗങ്ങളില്‍ ഒന്നിൽ പോലും എം പി പങ്കെടുത്തിട്ടില്ല. 

ജില്ലയില്‍ കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ നടത്തപ്പെടുന്ന പൊതുയോഗങ്ങളില്‍ സി പി എം നേതാക്കളെ വ്യക്തിപരമായി അവഹേളിക്കുന്നത് നിര്‍ത്തണമെന്നും കെകെ വിജയന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ജില്ലയില്‍ എംപി പാദയാത്ര നടത്തുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരണം.

Read more: ക്ഷേത്ര കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി, പിന്നാലെ വീട്ടിൽ നിർത്തിയിട്ട ബൈക്കുമായി മുങ്ങി, പ്രതി അറസ്റ്റിൽ

 

click me!