
ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പോരിന് കളമൊരുങ്ങുന്നു. കുട്ടനാട്ടില്‍ സിപിഎം വിട്ട് വരാന്‍ അപേക്ഷ നല്‍കിയ 222 പേര്‍ക്ക് അംഗത്വം നല്‍കാൻ നാളെ സിപിഐ മണ്ഡലം കമ്മിറ്റി യോഗം ചേരും. മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ ഉള്‍പ്പെടെ പട്ടികയിലുണ്ടെന്നാണ് സിപിഐയുടെ അവകാശവാദമെങ്കിലും ഒരൊറ്റ പ്രവര്‍ത്തകന്‍ പോലും വിട്ടുപോകില്ലെന്ന് സിപിഎം കുട്ടനാട് ഏരിയാ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് തുടങ്ങിയതാണ് സിപിഎമ്മിന് കുട്ടനാട്ടിലെ തലവേദന. വിഭാഗീയത രൂക്ഷമായതോടെ ലോക്കല്‍ സമ്മേളനങ്ങളില്‍ പലതിലും ചേരി തിരിഞ്ഞ് തെരഞ്ഞെടുപ്പ് നടന്നു. സമ്മേളനത്തിന് പിന്നാലെ ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. 375 പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിക്കത്ത് നല്‍കി. ഇതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് അനുനയ ചര്‍ച്ചകള്‍ നടത്തി. പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് അവകാശപ്പെട്ട് മാസങ്ങള്‍ കഴിയുമ്പോഴാണ് സിപിഐയിലേക്കുള്ള കൊഴിഞ്ഞു പോക്ക്. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം പഞ്ചായത്തുകളില്‍നിന്ന് സിപിഐയില്‍ ചേരാന് അപേക്ഷ നല്കിയിരിക്കുന്നത് 222 പേരാണ്. സിപിഎമ്മിന്‍റെ മുന്‍ ലോക്കല്‍ സെക്രട്ടറിമാര്‍ കൂടി അടങ്ങുന്ന ഇവര്‍ക്ക് അംഗത്വം നല്‍കാനായി നാളെ മണ്ഡലം കമ്മിറ്റി യോഗം ചേരുമെന്ന സെക്രട്ടറി ടി ഡി സുശീലന്‍ അറിയിച്ചു.
എന്നാല്‍ ഇതെല്ലാം തള്ളിക്കളയുകയാണ് സിപിഎം കുട്ടനാട് ഏരിയാ നേതൃത്വം. കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതാണെന്നും ഇപ്പോഴത്തെ പ്രചാരണങ്ങള്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും ഏരിയാ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഐ മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷം പാര്‍ട്ടിയിലേക്ക് വന്നവരുടെ പേരുകള്‍ പുറത്ത് വിടാനാണ് ജില്ലാ നേതൃത്വതിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam