
ആലപ്പുഴ: സിപിഎമ്മിലെ കുട്ടനാട് മോഡല്‍ കലാപം ആലപ്പുഴ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. കഞ്ഞിക്കുഴി, ഹരിപ്പാട്, കായംകുളം ഭാഗങ്ങളില് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കുട്ടനാട്ടിലെ വിമതരുമായും സിപിഐ നേതാക്കളുമായും ആശയവിനിമയം തുടങ്ങി. കായംകുളത്തെ 12 ഏരിയാ കമ്മിറ്റി അംഗങ്ങള്‍ താമസിയാതെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരുമെന്നാണ് വിമതരുടെ അവകാശവാദം.
നേൃത്വത്തിന്‍റെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ കമീഷനെ വെച്ച് നടപടിയെടുക്കുന്നു. ഒത്താശ ചെയ്യുന്നവരെ സംരക്ഷിക്കുന്നു. ഇതാണ് കുട്ടനാട്ടില്‍ സിപിഎം നേതൃത്വത്തിനെതിരെ വിമതര്‍ ഉന്നയിച്ച പ്രധാന ആരോപണം. സംസ്ഥാന ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പേരെടുത്ത് കുറ്റപ്പെടുത്തി പരസ്യമായ രംഗത്ത് വന്ന ഇവര്‍ പിന്നീട് സിപിഐയിലേക്ക് ചേക്കെറി. ഇതേ മോഡല്‍ ആലപ്പുഴ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും കടക്കുകയാണ്. നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ രംഗത്തിറക്കാന്‍ നടപടികള്‍ തുടങ്ങി. കഞ്ഞിക്കുഴി, ഹരിപ്പാട്, കായംകുളം ഭാഗങ്ങളില് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കുട്ടനാട്ടിലെ വിമതരുമായി ആശയവിനിമയം തുടങ്ങിക്കഴിഞ്ഞു. സിപിഐ നേതൃത്വവുമായും ഇവര്‍ ബന്ധപ്പെടുന്നുണ്ട്. ചില സിപിഎം നേതാക്കളുടെ ധിക്കാരപരമായ നിലപാടിനോടുള്ള സ്വാഭാവിക പ്രതികരണമാണ് ഇതെന്ന് രാമങ്കരിയില്‍ വിമത നീക്കങ്ങള്‍ക്ക് ചുക്കാന‍് പിടിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: 'തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകം'; ഇന്ത്യ-കാനഡ പ്രതിസന്ധിയിൽ ഇടപെട്ട് അമേരിക്ക
ഏറെ നാളുകളായി സിപിഎമ്മിനുള്ളില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന കായംകുളത്ത് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്ത് വരാനുള്ള തയ്യാറെടുപ്പിലാണ്. 12 ഏരിയാ കമ്മിറ്റി അംഗങ്ങള്‍ താമസിയാതെ പാര്‍ട്ടി വിട്ട് പുറത്ത് വരുമെന്നാണ് വിമതരുടെ അവകാശവാദം.
സിപിഎമ്മിലെ കുട്ടനാട് മോഡൽ കലാപം ആലപ്പുഴ ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ വ്യാപിക്കുന്നു