
തിരുവനന്തപുരം: നഗരൂർ ജംഗ്ഷന് സമീപം പൊലീസിന് നേരെ സിപിഎം - ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പരാക്രമം. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പൊലീസ് ജീപ്പിനെ ആൾട്ടോ കാറിലെത്തിയ സംഘം ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. സിനിമാ സ്റ്റൈലിൽ പൊലീസ് ജീപ്പിന് കുറുകെയിട്ട കാറിൽ നിന്നും ഇറങ്ങിയ സംഘം എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
പ്രദേശത്തെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതികൾക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി മടങ്ങുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. എന്നാൽ പൊലീസ് പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നാണ് സി.പി.എം ആരോപിക്കുന്നത്. പൊലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ്.എച്ച്.ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ സമരത്തിലാണ്. സ്റ്റേഷൻ പരിസരത്ത് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും പ്രവർത്തകർക്കെതിരെ കൂടുതൽ കേസുകൾ എടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
സംഭവത്തിൽ ഒമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam