
കണ്ണൂർ: സീറ്റ് കിട്ടാതായതോടെ വിമത സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. പയ്യന്നൂർ കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിനെയാണ് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് വൈശാഖിനെ പുറത്താക്കിയതായി അറിയിച്ചത്. വൈശാഖ് നഗരസഭയുടെ 36-ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതാണ് നടപടിക്ക് കാരണമായത്. ഈ ഡിവിഷനിൽ കോൺഗ്രസ് (എസ്) നേതാവ് പി. ജയനാണ് ഔദ്യോഗിക എൽ.ഡി.എഫ്. സ്ഥാനാർത്ഥി. പാർട്ടി നിർദ്ദേശങ്ങളെയും മുന്നണി തീരുമാനങ്ങളെയും ലംഘിച്ച് മത്സരരംഗത്ത് തുടർന്നതിനെ തുടർന്നാണ് സി. വൈശാഖിനെതിരെ സി.പി.എം. ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിപരിധി വെള്ളിയാഴ്ച (നവം. 21) ഉച്ച മൂന്ന് മണിക്ക് അവസാനിക്കും. നിർദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയും 2എ ഫാറവും പൂർണ്ണമായി പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് അതത് വരണാധികാരിക്ക് സമർപ്പിക്കണം. നവം. 22 ന് നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും.
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവം. 24 (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും