കനാല്‍ വെള്ളത്തെ ചൊല്ലിയുണ്ടായ തര്‍ക്കം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

By Web TeamFirst Published Mar 18, 2019, 3:51 PM IST
Highlights

വെട്ടേറ്റ ഗോപാലകൃഷ്ണനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

മാന്നാര്‍: കനാൽ വെള്ളത്തെ ചൊല്ലിയുണ്ടായ തർക്കത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു.  ചെന്നിത്തല പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം ഇരമത്തൂര്‍ സജീവ് ഭവനത്തില്‍ ഡി. ഗോപാലകൃഷ്ണന്‍(52) ആണ് വെട്ടേറ്റത്. ചെന്നിത്തലയിലെ പിഐപി കനാലില്‍ നിന്നുളള  ജലം ഒരു ഭാഗത്തേക്ക് പോകാതെ അടച്ചുവിട്ടതിനെചൊല്ലിയുളള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

വെട്ടേറ്റ ഗോപാലകൃഷ്ണനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം.  ചെന്നിത്തല, മാന്നാര്‍ പാടശേഖരങ്ങളിലേക്ക് കൃഷിക്കാവശ്യമായ ജലം എത്തിക്കുന്നതിനായി കനാല്‍ ഏതാനും ദിവസം മുന്‍പാണ് തുറന്നുവിട്ടത്. വടക്കോട്ട് ഒഴുകേണ്ട വെളളം ചിലര്‍ മുട്ടിട്ട് തടസപ്പെടുത്തി.

തുടര്‍ന്ന് മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ്, കൃഷി ഓഫീസര്‍, ഇറിഗേഷന്‍ ഉദ്യാഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍  അത് തുറന്നുവിട്ടു.  പിന്നീട്   ഇത് അങ്ങോട്ടുമിങ്ങോട്ടും പല തവണ ആവര്‍ത്തിച്ചപ്പോള്‍ വടക്ക് ഭാഗത്തേക്ക് ഒഴുകേണ്ടവെളളം   തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച്  ചോദിക്കാന്‍ ചെന്ന ഗോപാലകൃഷ്ണന് വെട്ടേല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

click me!