അനധികൃത പെട്ടിക്കടകള്‍ ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം പ്രാദേശിക നേതാക്കള്‍ തടഞ്ഞു

By Web TeamFirst Published Jan 26, 2020, 5:03 PM IST
Highlights

പഞ്ചായത്തിന്‍റെ വാഹനവും ഇവര്‍ തടഞ്ഞു

അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്നാര്‍ എസ് ഐ ഫക്രുദ്ദീനും സംഘവും സംഭവസ്ഥലത്തെത്തിയത്

മൂന്നാര്‍: മൂന്നാറിലെ അനധികൃത പെട്ടിക്കടകള്‍ ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സി പി എം നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞു. നടപ്പാത കൈയ്യേറി നിര്‍മ്മിച്ച കച്ചവടം ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മൂന്നാര്‍ ട്രാഫിക്ക് അഡൈ്വസറി കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് സെക്രട്ടറി അജിത്ത് കുമാറും സംഘവും ടൗണിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയത്. ചര്‍ച്ചില്‍ പാലത്തിന് സമീപം കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമാകുംവിധം കച്ചവടം നടത്തിവരെ ഒഴിപ്പിക്കവെ സി പി എം പ്രാദേശിക നേതാക്കളുടെ നേത്യത്വത്തിലെത്തിയ ഒരുസംഘം ആളുകള്‍ തടയുകയായിരുന്നു.

പഞ്ചായത്തിന്‍റെ വാഹനവും ഇവര്‍ തടഞ്ഞു. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്നാര്‍ എസ് ഐ ഫക്രുദ്ദീനും സംഘവും സംഭവസ്ഥലത്തെത്തിയത്. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരാണ് ടൗണിലെ പാതയോരങ്ങളില്‍ കച്ചവടം നടത്തുന്നതെന്നായിരുന്നു നേതാക്കളുടെ വാദം. പ്രതിഷേധം ശക്തമായതോടെ ഒഴിപ്പിക്കല്‍ അവസാനിപ്പിച്ച് സെക്രട്ടറിയും സംഘവും മടങ്ങി.

മൂന്നാറില്‍ പഞ്ചായത്ത് നിര്‍മ്മിച്ച നടപ്പാതകള്‍ മുഴുവനും കൈയ്യടക്കി നിരവധിപേര്‍ കച്ചവടം നടത്തുകയാണ്. പ്രശ്‌നങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് രാഷ്ട്രീയ നേതാക്കള്‍ യോഗങ്ങളില്‍ ആവശ്യപ്പെടുമെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതോടെ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്.

click me!