
പാലക്കാട്: മുതലമട ഗ്രാമപഞ്ചായത്ത് ഭരണം സ്വതന്ത്രരെ മുൻനിർത്തി യു ഡി എഫ് പിടിച്ചെടുത്തു. സി പി എം സ്ഥാനാർഥി ഒറ്റ വോട്ടിനാണ് ഇവിടെ പരാജയപ്പെട്ടത്. എട്ടിനെതിരെ ഒമ്പത് വോട്ടുകൾക്ക് സ്വതന്ത്ര അംഗം പി കൽപനാദേവി ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്‍റും സി പി എം പ്രതിനിധിയുമായ ബേബി സുധയെയാണ് കൽപനാദേവി തോൽപ്പിച്ചത്. പത്തൊൻപത് അംഗങ്ങൾക്ക് ആയിരുന്നു വോട്ട് ഉണ്ടായിരുന്നത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ രണ്ട് സ്വതന്ത്രർ, ആറ് കോൺഗ്രസ് അംഗങ്ങൾ, ഒരു ബി ജെ പി പ്രതിനിധി എന്നിവരാണ് കൽപ്പനാദേവിക്ക് വോട്ട് ചെയ്തതത്. രണ്ട് ബി ജെ പി അംഗങ്ങൾ വിപ്പ് പാലിച്ച് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
നേരത്തെ അവിശ്വാസപ്രമേയത്തെ പാർട്ടി വിപ്പ് ലംഘിച്ച് മൂന്ന് ബി ജെ പി അംഗങ്ങളും പിന്തുണച്ചിരുന്നു. ഇന്ന് കൽപനാദേവിക്ക് വോട്ട് ചെയ്ത് സി രാധക്ക് ബി ജെ പിയിൽ പ്രാഥമിക അംഗത്വമില്ല. വൈസ് പ്രസിഡന്‍റായി സ്വതന്ത്ര അംഗം താജുദ്ദീൻ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ രണ്ടു തവണയും സി പി എം പ്രതിനിധിയായിരുന്ന താജുദ്ദീൻ ഇത്തവണ സ്വതന്ത്രനായി മത്സരിച്ചാണ് മെമ്പറായത്.
20 അംഗങ്ങളാണ് മുതലമട ഗ്രാമ പഞ്ചായത്തിലുള്ളത്. ഇതിൽ ഒരു സി പി എം അംഗം സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചിരുന്നു. ഇതോടെയാണ് മുതലമട ഗ്രാമപഞ്ചായത്തിന്‍റെ അംഗസംഖ്യ 19 ആയി കുറഞ്ഞത്. സി പി എമ്മിന് 8 ഉം കോണ്‍ഗ്രസിന് 6 ഉം ബി ജെ പിക്ക് 3 ഉം അംഗങ്ങളാണ് ഉള്ളത്. പിന്നെയുള്ള 2 പേരും സ്വതന്ത്രരാണ്. നേരത്തെ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് സി പി എമ്മിന് നഷ്ടമായത്. ഈ മാസം നാലാം തിയതി കൊണ്ടുവന്ന അവിശ്വാസ പ്രമേയം എട്ടിനെതിരെ പതിനൊന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് പാസായത്. ഇപ്പോൾ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെട്ട കൽപനാദേവി, താജുദ്ദീൻ എന്നിവരാണ് അന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam