
ഇടുക്കി: ഇടുക്കിയിൽ എസ് രാജേന്ദ്രന്‍ - സി പി എം പോര് മുറുകുന്നു. മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി മൂന്നാറിലെ സി പി എം പ്രാദേശിക നേതൃത്വം രംഗത്തെത്തിയതോടെ പോര് കനക്കുകയാണ്. മുൻ മന്ത്രി എം എം മണിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഏരിയ സെക്രട്ടറി കെ കെ വിജയനാണ് ഇപ്പോൾ എസ് രാജേന്ദ്രനെതിരെ രംഗത്തെത്തിയത്. എം എല്‍ എ ആയിരുന്ന കാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മൂന്നാറില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സി പി എം ഏരിയാ സെക്രട്ടറി കെ കെ വിജയന്‍ ആരോപിച്ചു.
എം എം മണി നടത്തിയ പ്രസ്താവനകള്‍ക്ക് എസ് രാജേന്ദ്രന്‍ മറുപടി നല്‍കിയതിന് പിന്നാലെയാണ് എസ് രാജേന്ദ്രനെതിരെ കൂടുതല്‍ ആരോപണങ്ങളും വിമര്‍ശനങ്ങളുമായി മൂന്നാറിലെ സി പി എം പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്. എസ് രാജേന്ദ്രന്‍ എം എല്‍ എ ആയിരുന്ന കാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മൂന്നാറില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ അദ്ദേഹം തന്നെ ശ്രമിച്ചിട്ടുണ്ടെന്നതാണ് പ്രധാന ആരോപണം. താനല്ലാതെ മറ്റൊരു ജനപ്രതി ഇവിടെ വരാന്‍ പാടില്ലായെന്ന അജണ്ട എസ് രാജേന്ദ്രനുണ്ടായിരുന്നതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നും സി പി എം ഏരിയ സെക്രട്ടറി ചൂണ്ടികാട്ടി. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എസ് രാജേന്ദ്രന്‍ ഗുരുതര വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോട്ടം മേഖലയിലും എസ്റ്റേറ്റ് മേഖലകളിലും പാര്‍ട്ടിക്ക് വളര്‍ച്ച ഉണ്ടായിട്ടെന്നും അക്കാര്യം പറഞ്ഞ് എസ് രാജേന്ദ്രന്‍ പേടിപ്പെടുത്താന്‍ നോക്കേണ്ടെന്നും കെ കെ വിജയന്‍ അഭിപ്രായപ്പെട്ടു. മനപൂര്‍വ്വം എസ് രാജേന്ദ്രന്‍റെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഒഴിവാക്കി കളഞ്ഞതാണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനോ, നടപടിയെടുക്കേണ്ടി വന്ന സമയത്തോ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് എസ് രാജേന്ദ്രന്‍ ശ്രമിച്ചില്ലെന്നും ഏരിയ സെക്രട്ടറി കുറ്റപ്പെടുത്തി. നേതാക്കളെ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന നടപടിയാണ് എസ് രാജേന്ദ്രന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരുന്നതെന്നും കെ കെ വിജയന്‍ പറഞ്ഞു. അതേസമയം സി പി എം പ്രാദേശിക നേതൃത്വം കടുപ്പിച്ചതോടെ രാജന്ദ്രന്‍റെ മറുപടി എന്താകുമെന്നതാണ് ഇനി അറിയാനുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam