
കോഴിക്കോട്: കോഴിക്കോട്ടെ തിരക്കേറിയ മാനാഞ്ചിറ സ്ക്വയറിൽ പൊട്ടിയ നടപ്പാത ഫ്ലക്സ് ബോര്‍ഡുകള്‍ കൊണ്ട് മറച്ചത് അപകടകെണിയായി മാറുന്നു. പുതുവൽസരാഘോഷങ്ങളുടെ ഭാഗമായുളള ലൈറ്റ് ഷോ കാണാനായി നിരവധി പേർ എത്തുന്നിടത്താണ് ഈ അവസ്ഥ. മാസങ്ങളായി ഇതാണ് സ്ഥിതിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാനാഞ്ചിറയിൽ എത്തുന്നവർ ശ്രദ്ധച്ചില്ലെങ്കില്‍ ചിലപ്പോൾ കുഴിയിൽ വീഴാനുള്ള സാധ്യതയാണുള്ളത്. കോംട്രസ്റ്റിനു സമീപമുളള നടപാതയിലെ സ്ലാബുകൾ ഇല്ലാത്ത ഭാഗത്താണ് കുഴി. പൊട്ടിയ സ്ലാബിന് മുകളിലായാണ് ഫ്ലക്സ് ബോര്‍ഡുകളിട്ടിരിക്കുന്നത്. പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ലൈറ്റ് ഷോ തുടങ്ങിയപ്പോഴും അവസ്ഥയിൽ മാറ്റമില്ല. നവീകരിച്ച മാനാഞ്ചിറ സ്ക്വയറിനെപ്പറ്റി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നവീകരിച്ച മാനാഞ്ചിറ സ്ക്വയറിനെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും പൊട്ടിയ സ്ലാബ് മാറ്റാനൊന്നും ആര്‍ക്കും സമയം ലഭിച്ചിട്ടില്ല.
സൗന്ദര്യവൽകരണത്തിനായി പണം ചെലവാക്കുമ്പോൾ ഒരു സ്ലാബ് മാറ്റിയിടാൻ എന്താണ് ബുദ്ധിമുട്ടെന്നാണ് പലരുടേയും ചോദ്യം. ലൈറ്റ് ഷോ കാണാനായി നിരവധി പേരാണ് ദിവസവും മാനാഞ്ചിറയിലെത്തുന്നത്. കുട്ടികളടക്കമുളളവർ എത്തുന്ന സ്ഥലത്താണ് ഇത്തരമൊരു കുഴി. ഇരുട്ടായാൽ അപകടസാധ്യതയും കൂടുതലാണ്. കോർപ്പറേഷനാണ് മാനാഞ്ചിറ സ്ക്വയറിൻ്റെ നടത്തിപ്പ്. യുണെസ്കോ അംഗീകാരം ഉൾപ്പടെയുളള നേട്ടങ്ങളില്‍ അഭിമാനം കൊളളുന്ന കോര്‍പറേഷന്‍ അടിയന്തരപ്രാധാന്യമുളള ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്.