
കോഴിക്കോട്: നൂറോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കൽ ഷാജി (40) അറസ്റ്റിൽ. നടക്കാവ് സബ്ബ് ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥും കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് മോഷ്ടിച്ച ഐ ഫോണുമായാണ് ഷാജി പിടിയിലായത്. വീട്ടിൽ ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ ജനൽ വഴി മോഷ്ടിക്കുന്നതാണ് ഷാജിയുടെ രീതി.
കോഴിക്കോട് സിറ്റിയിൽ മോഷണ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുജിത്ത് ദാസിന്‍റെ നിർദ്ദേശാനുസരണം കോഴിക്കോട് നഗരത്തിൽ രാത്രികാല സുരക്ഷ വളരെ ശക്തമാക്കിയിരുന്നു. കൂടാതെ മുൻകാല മോഷണ കേസുകളിലെ പ്രതികളെ നിരീക്ഷിച്ചു വരികയുമായിരുന്നു.
മോഷണം നടന്നതിന് ശേഷം നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ ഷാജിയുടെ കൈവശം കഴിഞ്ഞ ദിവസം ഒരു ഐ ഫോൺ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ച പൊലീസ് ഷാജിയെ നിരീക്ഷിച്ചു വരികയായിരുന്നു. അങ്ങനെയാണ് കോഴിക്കോട് കെഎസ്ആർടിസി ബസ്സ് സ്റ്റാന്‍റ് പരിസരത്ത് നിന്ന് ഷാജി പിടിയിലാവുന്നത്. ചോദ്യം ചെയ്തതിൽ നിന്നും വീട്ടിലെ ജനാലയുടെ കൊളുത്ത് തുറന്നാണ് ഐഫോൺ മോഷ്ടിച്ചതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഷാജിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam