
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ അധികാരത്തിൽ വന്ന ഇടത് ഭരണ സമിതി മൂന്നാം തവണയും രാജിവെച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അവിശ്വാസം കൊണ്ടുവന്നതോടെയാണ് രാജി. ബിജെപിക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് പറയുമ്പോഴും എൽഡിഎഫിനും യുഡിഎഫിനും പരസ്പര വിശ്വാസമില്ലാത്തതാണ് ഭരണ പ്രതിസന്ധിയിൽ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
തിരുവൻവണ്ടൂരിൽ ഇത് മൂന്നാം തവണയാണ്, ഇടത് ഭരണത്തിന് നേതൃത്വം നൽകിയിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു കുര്യനും വൈസ് പ്രസിഡൻറ് ബീനാ ബിജുവും രാജിവെയ്ക്കുന്നത്. മുമ്പ് രണ്ട് തവണയും യുഡിഎഫ് പിന്തുണയിൽ തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഇവർ രാജിവെച്ചിരുന്നു. ഇത്തവണ പക്ഷെ ബിജെപിയുടെ അവിശ്വാസ പ്രമേയം വരും വരെ കാത്തിരുന്നുവെന്ന് മാത്രം. ബിജെപിക്ക് 5, യുഡിഎഫിന് 3, എൽഡിഎഫിന് 4, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റുകയാണ് തങ്ങളുടെ നയമെന്ന് യുഡിഎഫും എൽഡിഎഫും ആവർത്തിക്കുന്നു. എന്നാൽ പ്രത്യേക രാഷ്ട്രീയ സാഹചര്യം, കാലുവാരൽ തുടങ്ങി പല കാരണങ്ങൾ പറഞ്ഞാണ് തുടർച്ചയായ രാജിവെയ്ക്കൽ. രണ്ട് പേരും മാറി നിന്നാൽ ഞങ്ങൾ ഭരിക്കാമെന്ന് ബിജെപി പറയുന്നു. എന്നാൽ ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയിൽ കാര്യങ്ങൾ സുഖകരമാകില്ലെന്ന് അവർക്കും അറിയാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam