
കൊച്ചി: പോക്സോ കേസിലെ പ്രതിക്ക് 43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. സൗത്ത് മാറാടി പാറയിൽ അമീർ (42) നാണ് മൂവാറ്റുപുഴ ജില്ലാ സ്പെഷ്യൽ ജഡ്ജ് സമീർ എ ശിക്ഷ വിധിച്ചത്. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരിൽ സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തി വരുകയായിരുന്നു അമീർ. പേടി മാറ്റുന്നതിനായി പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ രക്ഷിതാക്കൾ പൂജ നടത്തുന്നതിനായി കൊണ്ടുവന്നപ്പോൾ പ്രതി കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്നായിരുന്നു കേസ്. തുടർന്ന് പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഒളിവിൽ പോയ അമീറിനെ പൊലീസ് കാർ ചെയ്‌സ് ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി വാടകയ്ക്ക് എടുത്ത് നടത്തി വന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജ്യോതിഷാലയത്തിൽ നിന്നും നിരവധി വിഗ്രഹങ്ങളും പണവും കണ്ടെത്തി. പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ദിലീഷ് ടി ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജമുന പി ആർ ഹാജരായി. അന്വേഷണ സംഘത്തിൽ കെ സജീവ് (റിട്ട), മനോജ് കുമാർ, ബിജു ജോൺ, എഎസ്ഐമാരായ ചന്ദ്രബോസ്, ജിഷാ മാധവൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. എഎസ്ഐ ലേഖ ആയിരുന്നു കോർട്ട് ലെയ്സൻ ഓഫീസർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam