
കൊച്ചി: രാത്രികാല പട്രോളിങ്ങിനിടെ നെഞ്ചുവേദനയെ തുടർന്ന് റോഡരികിൽ അവശനിലയിൽ വീണ യുവാവിന് സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ ജീവൻ തിരികെ നൽകി കുമ്പളങ്ങി പൊലീസുകാർ. കുമ്പളങ്ങി പോലീസ് ഔട്ട്‌പോസ്റ്റിലെ എസ്.സി.പി.ഒ അഭിലാഷ് കെ.എ., സി.പി.ഒ ജയകുമാർ കെ.എൻ എന്നിവരുടെ കൃത്യമായ ഇടപെടലാണ് കുമ്പളങ്ങി സ്വദേശിയായ സെബാസ്റ്റ്യൻ എന്ന യുവാവിന്റെ ജീവൻ രക്ഷിച്ചത്. ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പഴങ്ങാട് ജംഗ്ഷനിലെ വാഹന പരിശോധനയ്ക്ക് ശേഷം കുമ്പളങ്ങി സൗത്ത് ഭാഗത്തേക്ക് ജീപ്പിൽ സഞ്ചരിക്കുകയായിരുന്നു. രാത്രി 12 മണിയോടെ എൻ.കെ.എൻ ആശുപത്രിക്ക് സമീപമെത്തിയപ്പോൾ എഡ്വേർഡ് ജസ്റ്റിൻ എന്നയാൾ പൊലീസ് ജീപ്പിന് കൈകാണിച്ചു. റോഡരികിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ കിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ റോഡരികിൽ കിടന്നിരുന്ന സെബാസ്റ്റ്യന്റെ അരികിലെത്തി കാര്യം അന്വേഷിച്ചു. തനിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയ പൊലീസുകാർ ഒട്ടും സമയം പാഴാക്കാതെ സെബാസ്റ്റ്യനെ പൊലീസ് വാഹനത്തിലേക്ക് കയറ്റി.
ജീപ്പിൽ വെച്ച് സെബാസ്റ്റ്യന് സി.പി.ആർ നൽകാൻ എഡ്വേർഡിനോട് നിർദ്ദേശിച്ച ശേഷം പൊലീസ് വാഹനം അതിവേഗം പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിലേക്ക് തിരിച്ചു. അതിവേഗം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ ഡോക്ടർമാർക്ക് കൃത്യസമയത്ത് തന്നെ വിദഗ്ധ ചികിത്സ ആരംഭിക്കാൻ സാധിച്ചു. യുവാവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കുമ്പളങ്ങി പൊലീസിന്റെ കൃത്യസമയത്തുള്ള ജാഗ്രതയെയും സമയോചിതമായ രക്ഷാപ്രവർത്തനത്തെയും നാട്ടുകാരും ഡോക്ടർമാരും അഭിനന്ദിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam