പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി കുടുംബം. ഭർത്താവും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അലനല്ലൂർ സ്വദേശിയായ സഹദിയ നസ്റിൻ ആണ് ർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.
പാലക്കാട്: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം. അലനല്ലൂർ സ്വദേശിയായ സഹദിയ നസ്റിൻ ആണ് മരിച്ചത്. ഭർത്താവ് ജിംഷാദും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കിയതോടെ സഹദിയ ആത്മഹത്യ ചെയ്തു എന്നാണ് കുടുംബത്തിന്റെ പരാതി.
കഴിഞ്ഞ ശനിയാഴ്ചയാണ് സഹദിയ വാടകവീട്ടിൽ തൂങ്ങിമരിച്ചത്. രണ്ടരവർഷം മുമ്പായിരുന്നു ജിംഷാദിന്റെയും സഹദിയയുടെയും വിവാഹം. ആരോഗ്യ ബുദ്ധിമുട്ടുകൾ കാരണം ഒരു മാസമായി ജിംഷാദ് ജോലിക്ക് പോയിരുന്നില്ല. ഇതേ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായി. പണം ആവശ്യപ്പെട്ട് ജിംഷാദും ബന്ധുക്കളും സഹദിയയെ നിരന്തരം സമ്മർദത്തിലാക്കി എന്നാണ് കുടുംബത്തിന്റെ പരാതി.
കല്യാണത്തിന് ഏഴ് പവൻ്റെ സ്വർണം കൊടുത്തിരുന്നതായും അതൊക്കെ ജിംഷാദ് വിറ്റ് തുലച്ചുവെന്ന് സഹദിയയുടെ സഹോദരൻ എസ് ബി സുഹൈൽ പറഞ്ഞു. സഹദിയ സുഹൃത്തുക്കളുടെ പേരിലടക്കം വായ്പ എടുത്ത് ജിംഷാദിന് നൽകിയിരുന്നു. ഇതൊന്നും തിരിച്ചടയ്ക്കാതെ സഹദിയയെ ജിംഷാദ് മാനസ്സികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൈൽ പറഞ്ഞു.

നാട്ടുകൽ പൊലീസാണ് അന്വേഷണം നടത്തുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലുണ്ടായ തർക്കത്തിൽ യുവതി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക കണ്ടെത്തൽ. സഹദിയയുടെ കുടുംബം നൽകിയ പരാതിയിൽ ജിംഷാദിന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ച് വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


