
ചേർത്തല: കാലം തെറ്റിയെത്തിയ മഴ വില്ലനായെങ്കിലും യുവ കർഷകൻ വിപി സുനിലിന്റെ കൃഷിയിടത്തിൽ കണിവെള്ളരി നൂറുമേനി വിളവ്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ മായിത്തറ വടക്കേതയ്യിൽ വി പി സുനിലാണ് രണ്ട് മാസം മുമ്പ് വിഷുക്കണിക്കായി കൃഷി ചെയ്ത വെള്ളരിപാടം വിളവെടുപ്പിനായി കാത്തിരിയ്ക്കുന്നത്.
അരയേക്കർ സ്ഥലത്ത് വെള്ളരി മാത്രം കൃഷി ചെയ്തിട്ടുണ്ട്. 3000 കിലോ വെള്ളരി ഇത്തവണ വിൽപനക്കായി കിട്ടുമെന്ന പ്രതീക്ഷയിലാണ് സുനിൽ. ഇതു കൂടാതെ 10 ഏക്കർ സ്ഥലത്ത് വെണ്ട, വഴുതന, പയർ, പാവൽ, പൊട്ടു വെള്ളരി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. എന്നാൽ മാർക്കറ്റിൽ കിലോയ്ക്ക് 30-40 രൂപ വിലയുള്ള വെള്ളരി സുനിലിനുൾപ്പെടെയുളള കർഷകരിൽ നിന്നുും 10 രൂപ മുതൽ 12 രൂപ വരെ നൽകിയാണ് മൊത്തവില്പനക്കാർ വാങ്ങുന്നത്. ഇത് കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കഞ്ഞിക്കുഴി, മാരാരിക്കുളം, ചേർത്തല തെക്ക്, പള്ളിപ്പുറം, കടക്കരപ്പള്ളി പഞ്ചായത്തുകളിലും മറ്റ് കർഷകരും വെള്ളരി കൃഷിചെയ്തിട്ടുണ്ട്. വിഷുവിപണി ലക്ഷ്യമിട്ടാണ് കൃഷിയെങ്കിലും ചിലയിടങ്ങളിൽ വിളവെടുപ്പു തുടങ്ങി. ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴയെ കൃഷിക്കാർ ഭയക്കുന്നുണ്ട്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വെള്ളരി കിലോക്ക് ഒൻപത് രൂപയ്ക്ക് കച്ചവടക്കാർക്ക് കിട്ടുന്നതാണു കർഷകർക്കു വിനയായത്.
മകരക്കൊയ്തു കഴിഞ്ഞ പാടങ്ങളിലാണു കർഷകർ കൃഷിയിറക്കിയത്. എന്നാൽ കാലാവസ്ഥ ചതിച്ചാൽ കിട്ടുന്ന വിലയയ്ക്കു കർഷകർ വെള്ളരി വിൽക്കേണ്ടി വരുമെന്നും കർഷകർ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം വി പി സുനിലിന്റെ കൃഷിയിടത്തിലേയ്ക്ക് തമിഴ് നാട്ടിൽ നിന്നും കൊണ്ടുവന്ന കോഴിവളം ഇറക്കാൻ നോക്ക് കൂലി കൊടുക്കാത്തതു മൂലം ഇവ അടുത്ത തോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞത് വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam