വനിതാ നേതാവിനെതിരെ അശ്ലീലപ്രചാരണം: അണികൾക്കെതിരെ സിപിഎമ്മിൽ കൂട്ട നടപടി

By Web TeamFirst Published Jun 28, 2019, 12:58 PM IST
Highlights

ചെങ്കൽ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ പ്രശാന്ത് അലത്തറക്കൽ, പാർട്ടി പ്രവർത്തകരും സർക്കാർ ജീവനക്കാരുമായ ഷിനു, ഷിജു എന്നിവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. 

തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജയ്ക്കെതിരായ സൈബർ പ്രചാരണത്തിൽ പാർ‌ട്ടി പ്രവർത്തകർക്കെതിരെ സിപിഎം നടപടി. ചെങ്കൽ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ പ്രശാന്ത് അലത്തറക്കൽ, പാർട്ടി പ്രവർത്തകരും സർക്കാർ ജീവനക്കാരുമായ ഷിനു, ഷിജു എന്നിവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. സലൂജയുടെ പരാതിയിലാണ് നടപടി.

നെയ്യാറ്റിൻകര മേഖലയിൽ സിപിഎമ്മിനെ പിടിച്ചുലച്ച വിവാദത്തിലാണ് ഒടുവിൽ പാർട്ടി മുഖം രക്ഷിക്കാൻ നടപടി എടുത്തത്. പാറശ്ശാല ഏരിയ കമ്മിറ്റിയുടേതാണ് നടപടി. സത്യപ്രതിജ്ഞ ചെയ്ത അന്ന് മുതൽ ചെങ്കൽ ഗ്രാമപഞ്ചായത്ത് അംഗമായ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവെന്നായിരുന്നു പാർട്ടി നേതൃത്വത്തിന് സലൂജ നൽകിയ പരാതി. പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകിയിട്ടും അധിക്ഷേപം തുടർന്നു.

പാർട്ടിക്കെതിരെ സലൂജ വാർത്താസമ്മേളനം നടത്താനിടയുണ്ടെന്ന സൂചനകൾക്കിടെയാണ് അം​ഗങ്ങളെ പുറത്താക്കാനുള്ള നടപടി സിപിഎം ഏരിയ കമ്മിറ്റി കൈക്കൊണ്ടത്. അതേസമയം പാർട്ടി നടപടിയല്ല, പൊലീസ് നടപടിയാണ് വേണ്ടതെന്ന് സലൂജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി പുറത്താക്കിയ മൂന്ന് പേർക്കെതിരെ കേസെടുത്തെങ്കിലും പൊലീസ് തുടർ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.

അതിനിടെ, ചായക്കടയിൽ വച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‍കുമാറിനെ സിപിഎം സസ്പെൻഡ് ചെയ്തിരുന്നു. മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് തനിക്കെതിരായ ആക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് രാജ്‍കുമാര്‍ ആണെന്നും സലൂജ പാർട്ടിയോട് പരാതിപ്പെട്ടിരുന്നു. 

click me!