ലൗ ജിഹാദ് ആരോപിച്ച് യുവാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം; പൊലീസ് അന്വേഷണം ആരംഭിച്ചു

By Web TeamFirst Published Feb 23, 2019, 5:42 PM IST
Highlights

പെണ്‍കുട്ടിയെ പ്രേമം നടിച്ച് പലയിടങ്ങളില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയെന്നും നഗ്‌നവീഡിയോ കാണിച്ച് കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായും ഈ സന്ദേശത്തില്‍ പറയുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമം നടക്കുന്നതായും പ്രചാരണമുണ്ട്. 

കോഴിക്കോട്: ലൗ ജിഹാദ് ആരോപിച്ച് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ യുവാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം. പാരലല്‍ കോളജില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രേമം നടിച്ച് പലയിടങ്ങളില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ചാണ് വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും പ്രചാരണം. എന്നാല്‍, ഇങ്ങനെയൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുറ്റ്യാടി പൊലീസ് അറിയിച്ചു. അതേസമയം ആരോപണ വിധേയരായ യുവാക്കളും കോളജ് അധികൃതരും പൊലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് കുറ്റ്യാടി പൊലീസ് പറഞ്ഞു. 

കുറ്റ്യാടി സ്വദേശികളായ അഞ്ച് യുവാക്കള്‍ക്കെതിരെയാണ് പ്രചാരണം നടക്കുന്നത്. കുറ്റ്യാടി ഡോണ്‍ കോളേജില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. പെണ്‍കുട്ടിയെ പ്രേമം നടിച്ച് പലയിടങ്ങളില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയെന്നും നഗ്‌നവീഡിയോ കാണിച്ച് കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായും ഈ സന്ദേശത്തില്‍ പറയുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമം നടക്കുന്നതായും പ്രചാരണമുണ്ട്. 

വിവിധ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്. വര്‍ഗീയതയും മതസ്പര്‍ദ്ധയും പ്രചരിപ്പിക്കുന്നതാണ് ഈ വ്യാജസന്ദേശത്തിന്റെ ഉള്ളടക്കം. കൂടാതെ പൊലീസിനെതിരെയും ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. ഡെയ്ഞ്ചര്‍ ബോയ്‌സ് എന്ന ഗ്രൂപ്പാണ് ഈ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പ്രചരിക്കുന്ന സന്ദേശത്തില്‍ ആരോപിക്കുന്നു. 

എന്നാല്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു സംഭവം നടന്നതിനെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കുറ്റ്യാടി എസ് ഐ ഹരീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കിയിട്ടില്ല. എന്നാല്‍, തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി ചില യുവാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങളെക്കുറിച്ച് വാസ്തവ വിരുദ്ധമായ പ്രചാരണം നടത്തുന്നതായി കോളജ് അധികൃതരും പരാതി നല്‍കിയിട്ടുണ്ട്.

വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരിക്കാം ഇത്തരമൊരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എന്നാണ് കുറ്റ്യാടി പൊലീസ് പറയുന്നത്. എവിടെ നിന്നാണ് ഈ സന്ദേശം തുടങ്ങിയതെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. പൊലീസിന്റെ സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 
 

click me!