
വയനാട്: വയനാട്ടില്‍ ക്ഷീര കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസ് ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ വീടിന് സമീപത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തോമസിന്, മകന്റെ വിദ്യാഭ്യാസ വായ്പയും കുടുംബശ്രീയില്‍ നിന്നും വ്യക്തികളില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പ്പടെ കടബാധ്യതകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മറ്റൊരാളുടെ വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് നോട്ടീസും ലഭിച്ചിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. മരിച്ച തോമസിന്റെ കടബാധ്യതകൾ എഴുതിത്തള്ളണമെന്നായിരുന്നു ആവശ്യം. അടിയന്തര ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ ജനപ്രതിനിധികൾ എത്തി നടത്തിയ ചർച്ചയിൽ പ്രതിഷേധം അവസാനിപ്പിച്ചു. ഇന്നലെയാണ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)