
മാവേലിക്കര: കോൺഗ്രസ് ഓഫീസിൽ വച്ച് നേതാവിന് ക്രൂരമർദ്ദനമേറ്റതായി ആരോപണം. കായംകുളം സൗത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റും ഭരണിക്കാവ് മുൻ മണ്ഡലം പ്രസിഡന്റുമായ ഭരണിക്കാവ് പള്ളിക്കൽ കട്ടച്ചിറ ദിലീപ് സദനത്തിൽ ദിലീപാണ് കോൺഗ്രസിന്റെ ഭരണിക്കാവ് ഓഫീസിൽ വച്ച് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ ദിലീപ് പരാതി നൽകി.
കുട്ടച്ചിറ ചെറുമൺ മഹാവിഷ്‌ണു ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗവും പട്ടികജാതി വിഭാഗക്കാരനുമായ ദിലീപ് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അക്രമത്തിനിരയായത്. കോയിക്കൽപന്തയ്ക്ക് സമീപമുള്ള ഓഫീസിൽ മണ്‌ഡലം പ്രവർത്തകരുടെ കമ്മിറ്റി കൂടുകയായിരുന്നു. ചർച്ച തുടങ്ങിക്കഴിഞ്ഞാണ് ദിലീപ് പങ്കെടുക്കാനെത്തിയത്. വേദിയിലിരുന്നവരുടെ വീഡിയോ എടുത്ത ദിലീപിനെ മണ്ഡലം പ്രസിഡന്റും സംഘവും അസഭ്യം പറയുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ഷർട്ടിന് ഷർട്ടിന്റെ കോളറിന് പിടിച്ച് പിന്നോട്ട് വലിക്കുകയും പോക്കറ്റിൽ ഇരുന്ന മൊബൈൽ പിടിച്ചു വാങ്ങിച്ച ശേഷം, ഫോണിന്റെ ലോക്ക് മാറ്റി കൊടുത്തില്ലെങ്കിൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതുവെന്നാണ് പരാതി. ചെറുമൺ ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗത്വം രാജി വെയ്ക്കണമെന്നും ഇവർ ഭീഷണിപ്പെടുത്തി.
ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോകളും വീഡിയോകളും ഡോക്യൂമെന്റുകളും അനുവാദമില്ലാതെ ഡീലീറ്റ് ചെയ്തു. യോഗത്തിൽ ഉണ്ടായിരുന്ന മറ്റ് പ്രവർത്തകർ ഇടപെട്ട് ദിലീപിനെ രക്ഷപ്പെടുത്തുകയായിരുന്നു. അവർ ഫോൺ തിരികെ വാങ്ങിത്തന്നു. ഓഫീസിൽ നിന്ന് ഇറങ്ങിവന്നപ്പോൾ വീണ്ടും അസഭ്യം പറയുകയും മേലിൽ ഓഫീസിൽ കയറരുതെന്ന് പറഞ്ഞ് തലയ്ക്കും പുറത്തും അടിച്ചുവെന്നും പരാതി വിശദമാക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളാണ് എന്ന് അറിഞ്ഞു കൊണ്ടാണ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നു.
ദളിത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന ദിലീപ് നാളുകളായി കടുത്ത അവഗണനയാണ് കോൺഗ്രസിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഭരണിക്കാവ് പഞ്ചായത്തിലെ ഇടതുപക്ഷ അംഗം പ്രസിഡന്റായ ചെറുമൺ ക്ഷേത്രത്തിലെ ഉപദേശക സമിതിയുമായി താൻ സഹകരിച്ച് പ്രവർത്തിക്കുന്നതാണ് ഒടുവിലത്തെ പ്രകോപനത്തിന് കാരണമെന്നും ദിലീപ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam