
കണ്ണൂര്‍: കണ്ണൂരിൽ വീടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളികാവിന് സമീപത്തെ സുനന്ദ (78), ദീപ (48) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.
കൊറ്റാളിക്കാവിന് സമീപത്തെ വീട്ടിൽ, എഴുപത്തിയെട്ടുകാരി സുനന്ദ ഷേണായിയും നാൽപ്പത്തിയെട്ടുകാരി മകൾ ദീപയും മാത്രമായിരുന്നു താമസം. ദുർഗന്ധത്തെ തുടർന്ന് അയൽവാസി രാവിലെ നോക്കിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. ജനലുകളും വാതിലും തുറന്നിട്ട നിലയിലായിരുന്നു. ദീപയെ ഡൈനിങ് ഹാളിലും സുനന്ദയെ അടുക്കളയോട് ചേർന്നുമാണ് കണ്ടത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വോട്ട് ചെയ്യാൻ വെളളിയാഴ്ച ഇരുവരും തൊട്ടടുത്തുളള കൊറ്റാളി സ്കൂളിൽ പോയിരുന്നു. അന്ന് വൈകീട്ട് മൂന്ന് മണി വരെ കണ്ടവരുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ഈ വീട്ടിലാണ് അമ്മയും മകളും താമസം. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)