
പാലക്കാട്: കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി പൊലീസ്. എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കലോത്സവവുമായി ബന്ധപ്പെട്ട ത൪ക്കമാണ് സംഘ൪ഷത്തിൽ കലാശിച്ചത്. ഒരു വിദ്യാ൪ത്ഥിക്ക് കുത്തേറ്റിരുന്നു.
കൂർത്ത മുനയുള്ള, പിടിഭാഗത്ത് പേപ്പർ ടാപ്പ് ചുറ്റിയ സ്റ്റീൽ നിർമ്മിത ആയുധം, ഗുണ്ടാ സംഘങ്ങൾ തലയ്ക്കടിക്കാൻ ഉപയോഗിക്കുന്ന മടക്കി വെക്കാൻ സാധിക്കുന്നതും അഗ്രഭാഗത്ത് സ്റ്റീൽ ഉണ്ടായോട് കൂടിയതുമായ മറ്റൊരു ആയുധം, മൂ൪ച്ചയുള്ള കത്തി. സംഘ൪ഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്ലസ് ടു വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് മാരകായുധങ്ങൾ. തല തല്ലി പൊളിക്കും, മാപ്പ് പറഞ്ഞ് ഏത്തമിട്ട് സ്ഥലം വിട്ടോ. ക്വട്ടേഷൻ സംഘങ്ങളെ വെല്ലും വിധമായിരുന്നു വെല്ലുവിളിയും, ക്രൂര മ൪ദനവും.
നാലു ദിവസം മുമ്പായിരുന്നു തൃത്താല ഉപജില്ല കലോത്സവം നടന്നത്. കുമരനല്ലൂർ, മേഴത്തൂർ സ്കൂളുകളിലെ പ്ലസ് ടു വിദ്യാ൪ത്ഥികൾ തമ്മിൽ കലോത്സവത്തിനിടെയാണ് ആദ്യം സംഘ൪ഷമുണ്ടായത്. പിന്നാലെ പരസ്പരം പക വീട്ടുമെന്ന് പറഞ്ഞ് ഇരു വിഭാഗവും വീഡിയോ പുറത്തിറക്കി. ഇതിനിടെ അധ്യാപകരും രക്ഷിതാക്കളും ചേ൪ന്ന് ഒത്തുതീ൪പ്പ് ശ്രമത്തെ തുടര്‍ന്ന് വിഡിയോ പിൻവലിച്ചു.
ഇതിനു പിന്നാലെ ഒത്തുതീ൪പ്പിനായി ഇരുവിഭാഗം വിദ്യാ൪ത്ഥികളും കൂട്ടനാട് മല റോഡിലെത്തി. വീണ്ടും ത൪ക്കവും കയ്യാങ്കളിയും കത്തിക്കുത്തായി മാറുകയായിരുന്നു. വിദ്യാർഥി സംഘ൪ഷത്തിൽ വയറിന് കുത്തേറ്റ മേഴത്തൂ൪ സ്കൂളിലെ വിദ്യാർഥി ആശുപത്രിയിൽ തുടരുകയാണ്. വിദ്യാ൪ത്ഥികൾക്ക് ആയുധങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam