തുറന്നു കിടക്കുന്ന ഓടയിൽ വീണ് മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

By Web TeamFirst Published Nov 2, 2021, 8:52 PM IST
Highlights

ഓഗസ്റ്റിൽ ഇവിടെ മറ്റൊരാളും വീണ് മരിച്ചിരുന്നു. എന്നിട്ടും ഓട മൂടിയിരുന്നില്ല. ഇവിടെ തെരുവുവിളക്കുകൾ കത്താറില്ലെന്നും പരാതിയുണ്ട്. ഓട മൂടണമെന്നും കൈവരിയും തെരുവ് വിളക്കം സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

കോഴിക്കോട്: പാലാഴി അത്താണി പുഴുമ്പ്രം റോഡിൽ തുറന്നു കിടക്കുന്ന ഓടയിൽ വീണ് ഒരാൾ മരിച്ച (death) സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (Human Rights Commission) സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ റിപ്പോർട്ട് നൽകാൻ കമ്മീഷൻ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് 15 ദിവസത്തിനകം ഹാജരാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

പാലാഴി കൈപ്പുറം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. അമ്പത്തിയെട്ടുകാരനായ ശശീന്ദ്രനെന്ന ശശി ഓട്ടോ ഡ്രൈവറായിരുന്നു. രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയിലാണ് രാവിലെ ഓടയിൽ നിന്ന് ശശീന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. റോഡരികിൽ തുറന്നു കിടക്കുന്ന ഓട കാടുമൂടിയ നിലയിലാണ്. ഓഗസ്റ്റിൽ ഇവിടെ മറ്റൊരാളും വീണ് മരിച്ചിരുന്നു. എന്നിട്ടും ഓട മൂടിയിരുന്നില്ല. ഇവിടെ തെരുവുവിളക്കുകൾ കത്താറില്ലെന്നും പരാതിയുണ്ട്. ഓട മൂടണമെന്നും കൈവരിയും തെരുവ് വിളക്കം സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. 

തിരുവനന്തപുരത്ത് പത്ത് വയസ്സുകാരൻ ഓടയിൽ വീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരിച്ചത്. കുട്ടി വീടിന് മുന്നിലെ ഓടയിൽ വീഴുകയായിരുന്നു. ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തി പേരൂർക്കട  ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. 

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. അച്ഛൻ കടയിലേക്ക് പോകാനിറങ്ങിയപ്പോൾ കൂടെ ഇറങ്ങിയതാണ് ദേവും.  മടങ്ങിപ്പോകാൻ അച്ഛൻ ആവശ്യപ്പെട്ടപ്പോൾ ദേവ് വീട്ടിലേക്ക് പോയി. പിന്നീട് കുട്ടിയെ കാണാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. ദേവ് വീട്ടിൽ നിന്ന് തിരിച്ചിറങ്ങിയിരുന്നുവെന്ന് മനസ്സിലായതോടെ ഓടയിൽ തെരച്ചിൽ തുടങ്ങിയത്. ഒരു മണിക്കൂറോളം നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റ‍ർ അകലെയുള്ള കുളത്തിന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. 

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ ദേവ് പട്ടം ഗവ എച്ച് എസ് എസിലെ  വിദ്യാർത്ഥിയാണ്.  മഴ പെയ്താൻ ഓടയും റോഡും തമ്മിൽ തിരിച്ചറിയാനാവാത്ത അവസ്ഥയാണ് പാതിരിപ്പള്ളിയിലെ കൊടൈപാർക്ക് ലൈനിൽ എന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം നിറഞ്ഞൊഴുകുന്ന ഇവിടെ ഓട സ്ലാബ് ഇട്ട് മൂടാനും അധികൃതർ തയ്യാറായിട്ടില്ല. ശ്രീലാലിന്റെ ദിവ്യയുടെയും മകനാണ് ദേവ്.

click me!