
പത്തനംതിട്ട: ജില്ലയിലെ പന്തളം നഗരസഭയിൽ എൽഡിഎഫിൽ നിന്ന് സിപിഎം ചെയര്‍പേഴ്സൺ സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ എംആർ കൃഷ്ണകുമാരി ചെയർപേഴ്സണായും സിപിഐയിലെ കെ മണിക്കുട്ടൻ വൈസ് ചെയർമാനായും ചുമതലയേൽക്കാനാണ് ഇടതുമുന്നണിയിൽ ധാരണയായത്. ബിജെപിയിൽ നിന്ന് തിരിച്ചുപിടിച്ച ഈ നഗരസഭയിൽ 14 സീറ്റുകൾ നേടിയാണ് എൽഡിഎഫ് അധികാരം പിടിച്ചെടുത്തത്. ശബരിമല വിവാദങ്ങൾ സജീവമായിരുന്ന പന്തളത്ത് 11 സീറ്റുകൾ നേടിയ യുഡിഎഫ് മുഖ്യപ്രതിപക്ഷമായി മാറിയപ്പോൾ, ഭരണം കയ്യാളിയിരുന്ന ബിജെപി കേവലം ഒൻപത് സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.
അതേസമയം, ജില്ലയിലെ മറ്റ് മൂന്ന് നഗരസഭകളിലും യുഡിഎഫ് മികച്ച വിജയം കൈവരിച്ചു. അടൂരിൽ 11 സീറ്റുകൾ നേടിയും പത്തനംതിട്ടയിൽ കേവല ഭൂരിപക്ഷമായ 17 സീറ്റുകൾ സ്വന്തമാക്കിയും യുഡിഎഫ് ഭരണം ഉറപ്പിച്ചു. തിരുവല്ല നഗരസഭയിൽ 18 സീറ്റുകൾ നേടിയാണ് യുഡിഎഫ് ആധിപത്യം ഉറപ്പിച്ചത്. പത്തനംതിട്ട നഗരസഭയിൽ ബിജെപിക്ക് ഒരു സീറ്റിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ എങ്കിലും തിരുവല്ലയിൽ അവർ ഏഴ് സീറ്റുകൾ നേടി. ജില്ലയിലെ നഗരസഭാ ഭരണത്തിൽ യുഡിഎഫ് വലിയ മേൽക്കൈ നേടിയപ്പോൾ, തങ്ങളുടെ രാഷ്ട്രീയ ശക്തികേന്ദ്രമായിരുന്ന പന്തളം എൽഡിഎഫ് പിടിച്ചെടുത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായി മാറി.
'തീവ്രത' പരാമർശം നടത്തിയ സിപിഎം വനിതാ നേതാവ് ലസിത നായർ പന്തളം നഗരസഭ എട്ടാം വാർഡിൽ തോൽവി ഏറ്റുവാങ്ങിയത് വാര്‍ത്തയായിരുന്നു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു ലസിത നായർ. രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും മുകേഷിന്റെ കേസും രണ്ട് പശ്ചാത്തലത്തിലുള്ളതാണ് എന്നായിരുന്നു ലസിത നായരുടെ പ്രസ്താവന. രാഹുലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണ്. മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ലെന്നും ആയിരുന്നു ലസിതയുടെ വിവാദ പരാമര്‍ശം. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷാനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണെന്നാണ് ലസിത പറഞ്ഞത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam