
കാക്കനാട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ തൃക്കാക്കരയിൽ ഒഴിഞ്ഞ പറമ്പിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയത് 2000 രൂപയുടെ നോട്ടുകെട്ടുകൾ. നിരോധിച്ച രണ്ടായിരം രൂപയുടെ അൻപതോളം നോട്ടുകെട്ടുകളാണ് നാട്ടുകാരെയും പൊലീസിനെയും കൗതുകത്തിലാക്കിയത്. ആദ്യം യഥാർത്ഥ നോട്ടുകളാണെന്ന് കരുതിയത്. എന്നാൽ സിനിമാ ഷൂട്ടിംഗിന് വേണ്ടി ഉപയോഗിച്ച ഡമ്മി കറൻസിയാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭയിലെ പാലച്ചുവട് വാർഡിലെ ഒഴിഞ്ഞ പറമ്പിലാണ് മറ്റ് മാലിന്യങ്ങളോടൊപ്പം 2,000 രൂപയുടെ നോട്ടുകെട്ടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലർ നൗഷാദ് പല്ലച്ചിയുടെ ഇടപെടലിൽ സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ പൊലീസ് സംഘം സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ തന്നെ നോട്ടുകൾ യഥാർത്ഥമല്ലെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.
കൂടുതൽ അന്വേഷണത്തിൽ, പറമ്പിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സിനിമാ സംഘത്തിന്റെ ഓഫീസ് അടുത്തിടെ ഒഴിഞ്ഞതാണെന്നും അവശേഷിച്ച മറ്റു സാധനങ്ങളോടൊപ്പം ഈ ഡമ്മി നോട്ടുകളും മാലിന്യത്തിലേയ്ക്ക് പോയതാകാമെന്നും പൊലീസ് കണ്ടെത്തി. ഓരോ കെട്ടിലും 100 എണ്ണം വീതം അടങ്ങിയ 50-ഓളം കെട്ടുകൾ ഇവിടെ നിന്ന് കണ്ടെത്തിയത്. നിരോധിച്ച 2,000 രൂപ നോട്ടിനോടുള്ള സാമ്യമുള്ളവയാണ് ഇവ. നോട്ടുകൾ കണ്ടെത്തിയതോടെ പ്രദേശവാസികൾ അലർട്ടായതിന് പിന്നാലെ കൺട്രോൾ റൂമും തൃക്കാക്കര പൊലീസ് സംഘവും എത്തി പരിശോധന നടത്തി.
സാമ്പത്തിക തട്ടിപ്പോ മറ്റേതെങ്കിലും ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്ന് ഉറപ്പായതോടെ അന്വേഷണം സിനിമാ മേഖലയിലേക്ക് നീട്ടിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള വ്യക്തമായ മറുപടികൾ ലഭിക്കാനായി പൊലീസ് സിനിമാ സംഘവുമായി ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്.